IndiaNEWS

സ്‌പൈസ് ജെറ്റിന് പണികൊടുത്ത് കാലാവസ്ഥയും; ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന വിമാനം കൊച്ചിയിലിറക്കി

കോഴിക്കോട്: തുടരെ പ്രശ്‌നങ്ങളില്‍ അകപ്പെടുന്ന സ്‌പൈസ് ജെറ്റിന് പ്രതിസന്ധി സൃഷ്ടിച്ച് മോശം കാലാവസ്ഥയും.
182 യാത്രക്കാരുമായി ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്‌പൈസ് ജെറ്റ് വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് കൊച്ചിയിലിറക്കി. ഇന്നു രാവിലെയാണ് സംഭവം.

രണ്ട് മണിക്കൂറോളം വിമാനത്തില്‍ കാത്തിരുന്നിട്ടും തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനമാകാഞ്ഞതോടെ ഭക്ഷണമോ വെളളമോ പോലും കിട്ടിയില്ലെന്നാരോപിച്ച് വനിതാ യാത്രക്കാര്‍ അടക്കമുളളവര്‍ ബഹളം വച്ചു. കോഴിക്കോടെത്താന്‍ പകരം സംവിധാനം ഒരുക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ 9 മണിയോടെ യാത്രക്കാരെ നെടുമ്പാശേരിയിലെ ഹോട്ടലിലേക്ക് മാറ്റിയതോടെയാണ് പ്രതിഷേധം തണുത്തത്.

Signature-ad

തുടരെയുണ്ടാകുന്ന സാങ്കേതിക തകരാറുകള്‍ മൂലം സ്‌പൈസ് ജെറ്റിനെതിരെ കഴിഞ്ഞ ദിവസം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നടപടി എടുത്തിരുന്നു. രണ്ട് മാസത്തേക്ക് സ്‌പൈസ് ജെറ്റിന്റെ വിമാന സര്‍വീസ് വെട്ടിക്കുറച്ചിട്ടുണ്ട്. അമ്പത് ശതമാനം സര്‍വീസുകള്‍ മാത്രമേ ഈ കാലയളവില്‍ ഓപ്പറേറ്റ് ചെയ്യാവൂ എന്നാണ് ഡിജിസിഎയുടെ നിര്‍ദേശം.

18 ദിവസത്തിനിടെ 8 തവണ സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ അപകടങ്ങളുടെ വക്കിലെത്തുകയോ സാങ്കേതിക തകരാറിന് ഇരയാകുകയോ ചെയ്തിരുന്നു. സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ, സ്‌പൈസ് ജെറ്റിന് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു.

സ്‌പൈസ് ജെറ്റിന്റെ 48 വിമാനങ്ങളില്‍ ഈ മാസം 9നും 13നും ഇടയില്‍ ഡിജിസിഎ നടത്തിയ പരിശോധനയില്‍ സുരക്ഷാ മുന്‍കരുതലുകളും മെയിന്റനന്‍സും പര്യാപ്തമല്ല എന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സര്‍വീസുകള്‍ വെട്ടിക്കുറച്ചത്. അടുത്ത എട്ടാഴ്ച സ്പൈസ് ജെറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഡിജിസിഎ നിരീക്ഷിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ആകും തുടര്‍ നടപടികള്‍ എന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.

Back to top button
error: