മംഗളൂരു: കര്‍ണാടകയിലെ സുള്ള്യയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരെ കൊല്ലപ്പെട്ട കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സാക്കിര്‍, മുഹമ്മദ് ഷെഫിക്ക് എന്നിവരാണ് കേരള അതിര്‍ത്തിയായ ബെള്ളാരയില്‍ നിന്നാണ് അറസ്റ്റിലായത്. കര്‍ണാടകത്തിലെ ഹസന്‍ സ്വദേശിയാണ് സാക്കിര്‍. ഇയാള്‍ക്കെതിരെ നേരത്തെയും കേസുകളുണ്ട്. സംഭവത്തില്‍ 21 പേരെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. എല്ലാവരും പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ്.
കേസില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് കര്‍ണാടക പോലീസ്. പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകികള്‍ കേരളാ രജിസ്‌ട്രേഷന്‍ ബൈക്കുകളിലാണ് പ്രതികളെത്തിയതെന്ന ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നത്.
പ്രതികള്‍ എത്തിയതെന്ന് സംശയിക്കുന്ന കേരള രജിസ്‌ട്രേഷനുള്ള ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘം ഉടന്‍ കേരളത്തിലെത്തും. അന്വേഷണത്തില്‍ സഹകരണമാവശ്യപ്പെട്ട് മംഗളുരു എസ്പി, കാസര്‍കോട് എസ്പിയുമായി സംസാരിച്ചു. സഹായം ഉറപ്പ് നല്‍കണമെന്ന് കര്‍ണാടക ഡിജിപി, കേരള ഡിജിപിയോട് ആവശ്യപ്പെട്ടതായാണ് വിവരം.
പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തിലെ അന്വേഷണം ഊര്‍ജിതമല്ലെന്നാരോപിച്ച് പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം തുടരുകയാണ്. രാജി സമ്മര്‍ദവുമായി യുവമോര്‍ച്ച നിലപാട് കടുപ്പിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ, കൊപ്പാല്‍ ജില്ലയിലെ കൂടുതല്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ദേശീയ നേതൃത്വത്തിന് രാജിക്കത്ത് നല്‍കി.
ഇതിനിടെ കമാന്‍ഡോ സ്‌ക്വാഡ് രൂപീകരിച്ച കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം ഊര്‍ജിതമാക്കുകയാണെന്ന് വ്യക്തമാക്കി. ആസൂത്രിത കൊലപാതകങ്ങള്‍ തടയാന്‍ സ്‌ക്വാഡിന് സ്വതന്ത്ര ചുമതല നല്‍കി, സര്‍ക്കാര്‍ ഉത്തരവിറക്കി.
പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകള്‍ക്ക് എതിരെ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയതായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ഈ സംഘടനകളുടെ നിരോധനത്തില്‍ കേന്ദ്രം തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കര്‍ണാടകത്തില്‍ യുപി മോഡല്‍ നടപ്പാക്കാന്‍ മടിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.