വടകര പൊലീസ് സ്റ്റേഷൻ മുറ്റത്ത് യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ സ്റ്റേഷനിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റിയതോടെ വടകര സ്റ്റേഷന്റെ പ്രവർത്തനം താളംതെറ്റി. രാവിലെ 11 മണിയോടെയാണ് ജില്ല പൊലീസ് മേധാവി കറുപ്പ സ്വാമി സ്ഥലംമാറ്റ ഉത്തരവിറക്കിയത്. 70 പൊലീസുകാരാണ് സ്റ്റേഷനിലുള്ളത്.
കഴിഞ്ഞദിവസം സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമെ 66 പേർക്കാണ് സ്ഥലംമാറ്റം. റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് സ്ഥലംമാറ്റം.
യുവാവിന്റെ മരണത്തിൽ സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തിലുള്ള ശുദ്ധികലശമാണ് സ്ഥലംമാറ്റത്തിന് പിന്നിൽ.
കസ്റ്റഡിമരണമെന്ന തലത്തിലേക്ക് കേസ് മാറിമറയുന്നതിന്റ സൂചനകളായി ഇതിനെ കണക്കാക്കുന്നുമുണ്ട്. അഞ്ച് ദിവസത്തിനുള്ളിൽ ഇവർ സ്റ്റേഷനുകളിൽ ചാർജെടുക്കണം. രണ്ട് ദിവസത്തിനുള്ളിൽ സ്റ്റേഷന്റ പ്രവർത്തനം പൂർവസ്ഥിതിയിലാവുമെന്ന് ഡിവൈ.എസ്.പി ഹരിപ്രസാദ് പറഞ്ഞു. അതേസമയം, അപ്രതീക്ഷിത നടപടി ഉദ്യോഗസ്ഥർ പ്രതീക്ഷിച്ചിരുന്നില്ല. സംഭവദിവസം ഡ്യൂട്ടിയിലില്ലാത്ത പൊലീസ് ഉദ്യോഗസ്ഥരേയും മെഡിക്കൽ അവധിയിൽ പ്രവേശിച്ചവരേയും സ്ഥലംമാറ്റിയിട്ടുണ്ട്. ഈ നടപടി സേനയിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ചെറിയ വിഭാഗത്തിന്റെ അനാസ്ഥമൂലം ഉണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റേഷനിലെ വനിതകൾ അടക്കമുള്ള മുഴുവൻ പൊലീസുകാരെയും മാറ്റിയതിലാണ് പ്രതിഷേധം. സംഭവത്തിൽ പൊലീസ് അസോസിയേഷൻ കടുത്ത അമർഷം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് വിവരം.
ഇരിപ്പുറക്കാതെ വടകര സ്റ്റേഷനിൽ സി.ഐമാർ
വടകര പൊലീസ് സ്റ്റേഷനിൽ സി.ഐമാർക്ക് ഇരിപ്പുറക്കുന്നില്ല. മൂന്ന് മാസത്തിനിടയിൽ നാലു സി.ഐമാർ വടകരയിൽ നിയമിതരായി. സി.ഐ കെ.കെ. ബിജുവാണ് ആദ്യം ചാർജെടുത്തത്. ഇദ്ദേഹം സ്ഥലംമാറിപ്പോയതിനെ തുടർന്ന് ചാർജെടുത്ത എം.പി. രാജേഷിനെ ദിവസങ്ങൾക്കകം മാറ്റിയത് വിവാദമായിരുന്നു.
പെരുവാട്ടുംതാഴെ പ്രവർത്തിക്കുന്ന സേവറി ഹോട്ടൽ ആൻഡ് സൂപ്പർ മാർക്കറ്റ് കെട്ടിട ഉടമ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതാണ് പെട്ടെന്നുണ്ടായ സ്ഥലമാറ്റത്തിൽ കലാശിച്ചത്. വ്യാജരേഖ ചമച്ച് വൈദ്യുതി കണക്ഷൻ സംഘടിപ്പിച്ചെന്ന കെട്ടിട ഉടമയുടെ പരാതിയിലായിരുന്നു കേസെടുത്തത്.
പിന്നീട് ചാർജെടുത്ത പി.കെ. ജിജേഷിനെ കല്ലേരിയിലെ സജീവന്റെ മരണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നടക്കാവ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റി. നിലവിൽ വിജിലൻസ് സി.ഐയായ പി.എം. മനോജിനെയാണ് പുതുതായി വടകരയിൽ നിയമിച്ചിരിക്കുന്നത്. വടകരയിൽ നേരത്തെ സി.ഐ ആയും എസ്.ഐ ആയും പ്രവർത്തിച്ച പരിചയമുണ്ട്.