IndiaNEWS

‘ജനങ്ങളുടെ രാഷ്ട്രപതി’ എ.പി.ജെ അബ്ദുൾ കലാമിന്റെ ഓർമകൾക്ക് ഇന്ന്‌ ഏഴ് വയസ്

കുട്ടികളെയും യുവാക്കളെയും സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ എ.പി.ജെ അബ്ദുല്‍ കലാമിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴ് വയസ്. രാജ്യത്തിന്റെ പ്രഥമ പൗരന്‍മാരായ നിരവധിപേരെ നാം കണ്ടു. എന്നാല്‍ ജനങ്ങളുടെ രാഷ്ട്രപതി എന്ന പദവിയിലെത്തിയ വ്യക്തി അബ്ദുൾ കലാം മാത്രമായിരുന്നു. 1.6 കോടി യുവാക്കളെ നേരിട്ടുകണ്ടാണ് അദ്ദേഹം സ്വന്തം ആശയങ്ങള്‍ പങ്കുവച്ചത്. കുട്ടികളെ മാത്രമല്ല എല്ലാവരെയും അദ്ദേഹം സ്‌നേഹിച്ചു. ഏവരുടെയും ബഹുമാനവും ആദരവും പിടിച്ചുവാങ്ങി. രാജ്യത്ത് അഴിമതി ഇല്ലാതാക്കാന്‍ നിയമമല്ല മൂല്യങ്ങളാണ് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.

കെ.ആർ നാരായണന്‍റെ പിൻഗാമിയായാണ് ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതിയായി അബ്ദുൾ കലാം തെരഞ്ഞെടുക്കപ്പെടുന്നത്. കോൺഗ്രസിന്‍റെയും ബി.ജെ.പിയുടെയും പിന്തുണയോടെയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്.

Signature-ad

തമിഴ്നാട്ടിലെ രാമേശ്വരത്ത് സാധാരാണ കുടുംബത്തിൽ 1931 ഒക്ടോബർ 15നായിരുന്നു അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൾ കലാമിന്‍റെ ജനനം. രാമേശ്വരം സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും, തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളജിൽ ഉപരിപഠനവും പൂർത്തിയാക്കി. പിന്നീട് ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡെവലപ്പ്മെന്റ് ആന്റ് പ്രൊഡക്ഷൻ എന്ന സ്ഥാപനത്തിൽ ശാസ്ത്രജ്ഞനായി ജോലിക്കു ചേർന്ന അബ്ദുൾ കലാം രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ നിരവധി പ്രൊജക്ടുകൾക്ക് ചുക്കാൻ പിടിച്ചു.

ഡി.ആർ.ഡി.ഒയിൽ നിന്നും 1969ൽ ഐ.എസ്.ആർ.ഒയിൽ എത്തിയ കലാം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റെയും, ലോഞ്ചിംഗ് വെഹിക്കിളിന്റെയും സാങ്കേതികവിദ്യാവികസനത്തിനു നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. ഏതു പ്രതിസന്ധിയിലും സംയമനം കൈവിടാത്ത കലാം, കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഏറെ പ്രചോദനമായിരുന്നു.

വിക്രം സാരാഭായി വിഭാവനം ചെയ്ത ദശവത്സര പദ്ധതിയിലൂടെ ഇന്ത്യന്‍ ബഹിരാകാശ സ്ഥാപനത്തെ മുന്‍നിരയിലെത്തിക്കാന്‍ എ.പി.ജെ അബ്ദുള്‍ കലാമിന് കഴിഞ്ഞു. ലോകോത്തര നിലവാരമുള്ള ഹ്രസ്വ, ദീര്‍ഘദൂര മിസൈലുകള്‍ കൊണ്ട് മൂന്ന് സേനകളെയും ആധുനികവല്‍ക്കരിച്ച കലാം ഇന്ത്യയുടെ മിസൈല്‍മാന്‍ എന്നറിയപ്പെട്ടു, ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി.

രാജ്യം തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റെയും, ലോഞ്ചിംഗ് വെഹിക്കിളിന്റെയും സാങ്കേതികവിദ്യാവികസനത്തിനും ഏകോപനത്തിനും അബ്ദുള്‍കലാം വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കി. അഗ്‌നി, പൃഥ്വി എന്നീ മിസൈലുകളുടെ ഉപജ്ഞാതാവ്. 1998ല്‍ പൊക്രാനിലെ നടന്ന രണ്ടാം അണ്വായുധ പരീക്ഷണത്തിലും അബ്ദുള്‍ കലാമിന്റെ പങ്ക് വലുതായിരുന്നു.

രാഷ്ട്രപതിഭവന്റെ പടിയിറങ്ങിയതിനു ശേഷവും അവസാന നിമിഷം വരെ തന്നിലെ ജ്വാല, ഭാവിതലമുറയ്ക്ക് പകര്‍ന്നു നല്‍കിയാണ് കലാം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. അമേരിക്കന്‍ ചാര ഉപഗ്രഹങ്ങളെ വെട്ടിച്ച്‌ പൊഖ്‌റാന്‍ 2 അണു ബോംബ് പരീക്ഷണത്തിലൂടെ 1998 മേയില്‍ ഇന്ത്യയെ ആറാമത്തെ ആണവായുധ രാഷ്ട്രമാക്കാന്‍ നേതൃത്വം നല്‍കി.

ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിൽ ക്ലാസെടുക്കുന്നതിനിടെയാണ് കലാം ഹൃദയാഘാതത്തെതുടർന്ന് കുഴഞ്ഞ് വീഴുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

സമൂഹത്തെ ഒന്നാകെ ഉത്തേജിപ്പിക്കാന്‍ സാധിച്ചു എന്നതാണ് അദ്ദേഹത്തിൻ്റെ ജീവിതം സഫലമാക്കിയ പ്രധാന കാര്യം.

Back to top button
error: