IndiaNEWS

ഓഗസ്റ്റ് എട്ടിനുമുമ്പ് ഭൂരിപക്ഷം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ഉദ്ദവ്, ഷിന്‍ഡെ വിഭാഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം

മുംബൈ: ഓഗസ്റ്റ് എട്ടിനുമുമ്പ് ഭൂരിപക്ഷം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ശിവസേനയിലെ ഉദ്ദവ് താക്കറെ, ഏക്‌നാഥ് ഷിന്‍ഡെ വിഭാഗങ്ങളോട് നിര്‍ദേശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. എന്താണ് പാര്‍ട്ടിയിലുണ്ടായ തര്‍ക്കമെന്നതിനെ കുറിച്ചും ബി.ജെ.പിയുടെ പിന്തുണയോടെ ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരിച്ചതിനെ കുറിച്ചും വിശദമാക്കുന്ന എഴുതി തയാറാക്കിയ രേഖകള്‍ ഹാജരാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

‘ശിവസേനയില്‍ രണ്ട് ഗ്രൂപ്പുകളുണ്ടെന്നത് യഥാര്‍ഥ്യമാണ്. അതില്‍ ഒരു ഗ്രൂപ്പിനെ ഷിന്‍ഡെയും മറ്റൊരു ഗ്രൂപ്പിനെ ഉദ്ധവ് താക്കറേയും നയിക്കുന്നു. രണ്ടുപേരും തങ്ങളാണ് യഥാര്‍ഥ ശിവസേനയെന്നാണ് അവകാശപ്പെടുന്നത്. അവരുടെ നേതാക്കള്‍ ആരോപണ വിധേയരാണ്’ – രണ്ട് ഗ്രൂപ്പുകള്‍ക്കുമയച്ച കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

Signature-ad

രണ്ടുഗ്രൂപ്പുകളും പറയുന്നത് പോലെ അവരുടെ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കപ്പെടണമെങ്കില്‍ യഥാര്‍ഥ വസ്തുതകള്‍ വ്യക്തമാവണം. അതുകൊണ്ടു തന്നെ രേഖകള്‍ അടിയന്തരമായി സമര്‍പ്പിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ആകെയുള്ള 55 എം.എല്‍.എമാരില്‍ 40 പേരുടെയും 18 എം.പിമാരില്‍ 12 പേരുടെയും പിന്തുണ തനിക്കുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ ഏക്നാഥ് ഷിന്‍ഡെ അവകാശപ്പെട്ടിരുന്നു. ഉദ്ധവ് താക്കറെ വിഭാഗത്തെ നിയമസഭയില്‍ നിന്നും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഷിന്‍ഡെ ക്യാമ്പ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതുമായി തല്‍ക്കാലം മുന്നോട്ട് പോവേണ്ടന്നാണ് സുപ്രീകോടതി ജൂലായ് 11-ന് വ്യക്തമാക്കിയത്.

 

Back to top button
error: