ഇടിവെട്ടിയവന്റെ തലയില്‍ തേങ്ങ വീണു എന്ന് പറയുംപോലെയാണ് തായ്ലന്‍ഡിലെ ഒരു ബുദ്ധ സന്യാസിയുടെ അവസ്ഥ. കഴിഞ്ഞ ദിവസം അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ചു എന്നതാണ് കുറ്റം. നിയമം തെറ്റിച്ചതും പോരാ, എങ്ങും കേള്‍ക്കാത്ത ഒരു ന്യായീകരണവും അയാള്‍ പാസ്സാക്കി. ‘കൊറോണ വരാതിരിക്കാന്‍ വിസ്‌കി ബെസ്റ്റാ. അതുകൊണ്ടാണ് താന്‍ അടിച്ചത്’ എന്നായിരുന്നു ഈ ബുദ്ധ സന്യാസിയുടെ വിചിത്ര വാദം.
എന്തായാലും ഇപ്പോള്‍ അയാളുടെ കെട്ട് വിട്ടുവെങ്കിലും, ജയിലില്‍ കൊതുകടിയും കൊണ്ട് കിടക്കുകയാണ് ആശാന്‍. മാത്രമല്ല, ബുദ്ധ വിഹാരത്തില്‍ നിന്ന് അയാളെ പുറത്താക്കുകയും ചെയ്തു. ഇതോടെ അയാള്‍ സന്യസി കുപ്പായം എന്നന്നേക്കുമായി അഴിച്ചു വയ്ക്കേണ്ട ഗതിയാണ്.
ബുധനാഴ്ച തായ്ലന്‍ഡിലെ മുയാങ് ലോജ് ജില്ലയിലെ ഒരു മാര്‍ക്കറ്റില്‍ നിന്ന്് ഫ്രാ തനകോണ്‍ എന്ന ബുദ്ധപുരോഹിതനെ പൊലീസ് പൊക്കിയത്. തായ്ലന്‍ഡിലെ നാ ദിന്‍ ഡാമിലെ ഒരു ബുദ്ധ ക്ഷേത്രത്തിലെ സന്യാസിയായിരുന്നു ഇദ്ദേഹം. 63 കാരനായ സന്യാസി ആളുകളോട് പണം കടം ചോദിച്ച് ബഹളം ഉണ്ടാക്കുന്നത് കണ്ടതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
പരിസരത്ത് റോന്ത് ചുറ്റുകയായിരുന്ന പൊലീസാണ് ഇയാളെ കണ്ടത്. ഇയാള്‍ മാര്‍ക്കറ്റില്‍ ബഹളം ഉണ്ടാക്കി കൊണ്ട് നില്‍ക്കുകയായിരുന്നു. അയാളുടെ വെള്ള പിക്ക് അപ്പ് ട്രക്ക് മാര്‍ക്കറ്റിന്റെ പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍പെട്ടു. വാഹനത്തിന്റെ പുറത്ത് അയാള്‍ താമസിച്ചിരുന്ന ബുദ്ധ മഠത്തിന്റെ പേരുണ്ടായിരുന്നു. പൊലീസ് അത് തിരിച്ചറിഞ്ഞു. എന്നാല്‍ അറസ്റ്റ് ചെയ്യാനായി ചെന്നപ്പോള്‍ അയാളെ കണ്ടില്ല. മാര്‍ക്കറ്റിന്റെ പുറത്ത് വന്ന് നോക്കുമ്പോള്‍ അയാള്‍ വാഹനത്തില്‍ ഇരിപ്പുണ്ടായിരുന്നു. മദ്യപിച്ച് ലക്ക് കെട്ട അവസ്ഥയിലായിരുന്നു അയാള്‍.
പൊലീസ് അയാളോട് ട്രക്കില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. ഏറെ പ്രയാസപ്പെട്ടാണ് അയാള്‍ പുറത്തിറങ്ങിയത്. രണ്ട് കാലില്‍ നില്ക്കാന്‍ പോലും അയാള്‍ നന്നേ പാട് പെട്ടു. ബോധമില്ലാതെ എന്തൊക്കെയോ പുലമ്പി കൊണ്ടിരുന്ന അയാളുടെ പക്കല്‍ തിരിച്ചറിയല്‍ രേഖകളും ഉണ്ടായിരുന്നില്ല. മഠത്തിലെ മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന ധ്യാന പരിപാടിയില്‍ പങ്കെടുക്കേണ്ട ആളാണ് വിസ്‌കിയും കഴിച്ച് ചന്തയില്‍ വന്ന് ബഹളം വയ്ക്കുന്നതെന്ന് പൊലീസ് വൈകാതെ തിരിച്ചറിഞ്ഞു.
ചോദ്യം ചെയ്യലില്‍, താനും രണ്ട് സന്യാസിമാരും രാവിലെ തന്നെ മാര്‍ക്കറ്റിലേക്ക് വരാന്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടുവെന്ന് അയാള്‍ പറഞ്ഞു. ഡ്രൈവര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് തനിക്ക് വണ്ടി എടുക്കേണ്ടിവന്നുവെന്നും അയാള്‍ പറഞ്ഞു. ‘മാര്‍ക്കറ്റിലേക്കല്ലേ പോകുന്നത്. ഇനി അവിടെ ചെന്ന് കൊവിഡ് പിടിക്കേണ്ടല്ലോ’ എന്ന് കരുതിയാണ് താന്‍ രണ്ട് പെഗ്ഗടിച്ചതെന്നും അയാള്‍ പൊലീസിനോട് പറഞ്ഞു. കൊറോണയെ പ്രതിരോധിക്കാന്‍ റൈസ് വിസ്‌കിയില്‍ നാരങ്ങ കലര്‍ത്തി കഴിക്കുന്നത് നല്ലതാണെന്നും അയാള്‍ പറഞ്ഞു.
എന്തായാലും അയാളുടെ കാര്യത്തില്‍ ഒരു തീരുമാനമായി. മഠത്തിന്റെ കണ്ണില്‍ അയാള്‍ നിരവധി കുറ്റങ്ങളാണ് ചെയ്തിരിക്കുന്നത്. ധ്യാനത്തില്‍ പങ്കെടുക്കാതിരിക്കുക, മദ്യപിച്ച കോണ്‍ തിരിഞ്ഞ് ചന്തയില്‍ പ്രശ്‌നമുണ്ടാക്കുക, ആളുകളോട് പണം ചോദിക്കുക ഇതൊന്നും പോരാത്തതിന് മദ്യപിച്ച് വാഹനം ഓടിക്കുക. ഇത്രയൊക്കെ ചെയ്ത അയാളെ ഇനി മഠത്തില്‍ വച്ച് പൊറുപ്പിക്കില്ലെന്ന തീരുമാനത്തിലാണ് മഠാധിപര്‍.