ദില്ലി: ചരക്ക് സേവന നികുതി (ജിഎസ്ടി) നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക 35,266 കോടി രൂപയാണെന്ന് ധനമന്ത്രാലയം തിങ്കളാഴ്ച പാർലമെന്റിൽ അറിയിച്ചു. 2022 ജൂൺ വരെയുള്ള കണക്കാണ് ധനമന്ത്രാലയം പുറത്തുവിട്ടത്.
മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ്, ദില്ലി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്കാണ് കൂടുതൽ പണം നൽകാനുള്ളത്. ഈ ആറ് സംസ്ഥാനങ്ങൾക്ക് മാത്രമായി 17,668 കോടി രൂപയാണ് കുടിശ്ശിക. 2022 മെയ് 31 വരെയുള്ള കാലയളവിൽ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും മുഴുവൻ ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികയും കേന്ദ്ര സർക്കാർ നൽകി. മെയ് വരെയുള്ള 86,912 കോടി രൂപ അനുവദിച്ചെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.
ജിഎസ്ടി നഷ്ടപരിഹാര ഫണ്ടിൽ ഏകദേശം 25,000 കോടി രൂപ മാത്രമായിരുന്നി ലഭ്യമെന്നും എങ്കിലും ഫണ്ട് നൽകിയെന്നും അദ്ദേഹം പറഞ്ഞു. കുടിശ്ശകയുള്ള ഫണ്ട് ഉടൻ നൽകുമെന്നും മന്ത്രി പറഞ്ഞു.