തിരുവനന്തപുരം: കേരളം ബനാന റിപ്പബ്ലിക്കായെന്ന് കെ.എസ്. ശബരീനാഥന്‍. മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഢാലോചന കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് മുന്‍ എംഎല്‍എയുടെ പ്രതികരണം. സംഭവങ്ങള്‍ക്ക് പിന്നിലെ മാസ്റ്റര്‍ മൈന്റ് ഇ.പി. ജയരാജനാണ്. കേരളത്തിന്റെ മുഖ്യമന്ത്രി ഭീരുവെന്നും ശബരീനാഥന്‍ പറഞ്ഞു. കേസില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ശബരീനാഥന് ജാമ്യം അനുവദിച്ചത്. അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഫോണ്‍ ഹാജരാക്കണമെന്നതാണ് മറ്റൊരു ഉപാധി. അരലക്ഷം രൂപയുടെ ബോണ്ടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ശബരീനാഥനെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
റിമാന്‍ഡ് റിപ്പോര്‍ട്ടും കസ്റ്റഡി റിപ്പോര്‍ട്ടും ഹാജരാക്കിയ പൊലീസ്, വാട്‌സാപ്പ് ഉപയോഗിച്ച ഫോണ്‍ കണ്ടെടുക്കാന്‍ ശബരീനാഥിന്റെ കസ്റ്റഡി വേണമെന്ന് ആവശ്യപ്പെട്ടു. മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ശബരീനാഥനെ ചോദ്യം ചെയ്യണം. ഗൂഢാലോചനയ്ക്ക് ഉപയോഗിച്ച മൊബൈലും ഉപകരണങ്ങളും കണ്ടെത്തണം. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നറിയാന്‍ ശബരീനാഥനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. ഒന്നാം പ്രതി ഫര്‍സീന്‍ മജീദിന് ശബരീനാഥ് നിര്‍ദേശം നല്‍കിയെന്നും നിരവധി തവണ പ്രതികളെ ഫോണില്‍ വിളിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം ഫോണ്‍ ഇപ്പോള്‍ തന്നെ കോടതിക്ക് കൈമാറാമെന്നായിരുന്നു ശബരീനാഥന്റെ മറുപടി.
അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദിച്ചിരുന്നെങ്കില്‍ ഫോണ്‍ അപ്പോള്‍ തന്നെ നല്‍കുമായിരുന്നു എന്നും ശബരീനാഥന്‍ അറിയിച്ചു. പൊലീസിന്റെ കസ്റ്റഡി അപേക്ഷയെ ശബരീനാഥന്‍ എതിര്‍ത്തു. അറസ്റ്റ് നിയമപരമായിരുന്നില്ലെന്നും വാദിച്ചു. കേസില്‍ രാവിലെ അറസ്റ്റിലായ ശബരീനാഥനെ വൈകീട്ടാണ് കോടതിയില്‍ ഹാജരാക്കിയത്. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ ശംഖുമുഖം എസിപിക്ക് മുന്നിലെത്താന്‍ ശബരീനാഥനോട് നിര്‍ദേശിച്ചിരുന്നു.10.40ന് ശബരീനാഥന്‍ ചോദ്യം ചെയ്യലിന് ഹാജരായി.
11 മണിക്ക് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ശബരീനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം തുടങ്ങി. അറസ്റ്റിന് സാധ്യതയുണ്ടെന്നായിരുന്നു അഭിഭാഷകന്റെ വാദം. അറസ്റ്റിനെ കുറിച്ച് പ്രോസിക്യൂഷന്‍ ആ സമയം വ്യക്തമായ വിവരം പറഞ്ഞതുമില്ല. ഹര്‍ജി പരിഗണിക്കും വരെ അറസ്റ്റ് ചെയ്യരുതെന്ന് 11.15 ഓടെ കോടതി നിര്‍ദ്ദേശിച്ചു. ഇതിനിടെ പൊലീസുമായി സംസാരിച്ച സര്‍ക്കാര്‍ അഭിഭാഷകന്‍, മുന്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ശബരീനാഥന്റെ അറസ്റ്റ് വിവരം പുറത്തറിഞ്ഞത്.