തിരുവനന്തപുരം: കൊല്ലം ആയുര്‍ കോളേജില്‍ നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പങ്കില്ലെന്ന അവകാശവാദവുമായി പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജന്‍സി രംഗത്ത്.
തങ്ങളുടെ സ്റ്റാഫ് ആരുടെയും അടിവസ്ത്രം അഴിച്ചു പരിശോധിച്ചിട്ടില്ല. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിക്കുക മാത്രമാണ് ചെയ്തത്. മെറ്റല്‍ ഡിറ്റക്ടറില്‍ ലോഹം കണ്ടെത്തിയവരെ മാറ്റി നിര്‍ത്താന്‍ കോളേജ് അധികൃതരാണ് ആവശ്യപ്പെട്ടത്. കോളേജ് നിയോഗിച്ച സാരിയുടുത്ത രണ്ട് സ്ത്രീകളാണ് മാറ്റിനിര്‍ത്തിയ കുട്ടികളെ കൊണ്ടുപോയത്. അവര്‍ എങ്ങനെ പരിശോധിച്ചു എന്ന് തങ്ങള്‍ക്ക് അറിയില്ല എന്നാണ് സുരക്ഷാ കരാര്‍ ഏജന്‍സി പറയുന്നത്.
കേരളത്തിലെ പരീക്ഷ നടന്ന മിക്ക കേന്ദ്രങ്ങളിലേക്കും സബ് കോണ്‍ട്രാക്ട് കൊടുത്താണ് ആളുകളെ അയച്ചത്. നാല് പുരുഷന്മാരും നാല് സ്ത്രീകളുമായിരുന്നു ആയുര്‍ കോളേജിലെ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നതെന്നും ദില്ലിയിലെ കമ്പനിയാണ് തങ്ങള്‍ക്ക് കരാര്‍ നല്‍കിയതെന്നും പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന സ്റ്റാര്‍ സെക്യൂരിറ്റി ഏജന്‍സിയുടെ ജനറല്‍ മാനേജര്‍ പ്രതികരിച്ചു. അതേസമയം തങ്ങള്‍ക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്നാണ് കോളേജ് അധികൃതര്‍ സംഭവത്തിനു പിന്നാലെ പ്രതികരിച്ചത്.
ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയ്ക്കിടെയാണ് ആയുര്‍ കോളേജില്‍ പെണ്‍കുട്ടികളെ അവഹേളിച്ച സംഭവം ഉണ്ടായത്. തുടര്‍ന്ന് ഒരു കുട്ടിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. പിന്നാലെ യുവജന കമ്മിഷനും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും കേസെടുക്കുകയും കേന്ദ്രം റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ പോലീസ് അന്വേഷണവും നടക്കുന്നുണ്ട്.