KeralaNEWS

അടിവസ്ത്രം അഴിപ്പിച്ച സംഭവം: കൊല്ലത്തെ കോളജിന്റെ ജനല്‍ച്ചില്ലുകള്‍ വിദ്യാര്‍ഥി സംഘടനകള്‍ അടിച്ചുതകര്‍ത്തു; സംഘര്‍ഷം, ലാത്തിച്ചാര്‍ജ്

കൊല്ലം: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി
സംഘടനകള്‍ ആയൂരിലെ മാര്‍ത്തോമാ കോളേജിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി. പ്രവര്‍ത്തകരാണ് കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

കോളേജ് വളപ്പിലേക്ക് അതിക്രമിച്ചുകയറിയ പ്രതിഷേധക്കാര്‍ കോളേജിന് നേരേ കല്ലെറിയുകയും ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. പോലീസിന് നേരേയും കല്ലേറുണ്ടായി. ഇതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. കോളേജ് വളപ്പിലും പുറത്തും ഏകദേശം അരമണിക്കൂറോളം കലാപന്തരീക്ഷമായിരുന്നു. പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ ചില പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

കെ.എസ്.യു. പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധവുമായി കോളേജിലേക്ക് എത്തിയത്. ഇവര്‍ പോലീസിന് നേരേ കല്ലെറിഞ്ഞു. ഇതോടെ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരേ ലാത്തിവീശി. പിന്നാലെ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെയും പ്രകടനമെത്തി. ഇവര്‍ കോളേജിനുള്ളിലേക്ക് കയറാന്‍ ശ്രമിക്കുകയും കല്ലെറിയുകയും ചെയ്തതോടെ പോലീസ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് നേരേയും ലാത്തിച്ചാര്‍ജ് നടത്തി. ഇതിനിടെ എ.ബി.വി.പിക്കാരും പ്രതിഷേധവുമായി കോളേജിന് മുന്നിലെത്തി കല്ലേറ് നടത്തുകയായിരുന്നു. കോളേജ് പരിസരത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന വിശദീകരണവുമായി പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജന്‍സി രംഗത്ത് വന്നിരുന്നു. കോളേജ് നിയോഗിച്ച രണ്ട് സ്ത്രീകളാണ് കുട്ടികളെ കൊണ്ടുപോയതെന്നായിരുന്നു ഏജന്‍സി പറഞ്ഞത്.

എന്നാല്‍ തങ്ങള്‍ക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്നാണ് കോളേജ് അധികൃതര്‍ സംഭവത്തിനു പിന്നാലെ പ്രതികരിച്ചത്. പരീക്ഷാ നടത്തിപ്പ് ചുമതല ഏജന്‍സിക്കാണ്. ദേഹപരിശോധന നടത്തിയത് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ്. അവരുടെ ഭാഗത്തുണ്ടായ കുറ്റങ്ങള്‍ കോളേജിന്റെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും കോളേജ് അധികൃതര്‍ പറഞ്ഞു.

Back to top button
error: