കൊച്ചി: മരടില്‍ തീരദേശ ചട്ടം ലംഘിച്ച് ഫ്ളാറ്റുകള്‍ നിര്‍മിച്ചതിന്റെ ഉത്തരവാദികള്‍ സര്‍ക്കാരും നഗരസഭയുമാണെന്ന് സുപ്രീം കോടതി നിയോഗിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട്. അനധികൃതഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചതിന് ബില്‍ഡര്‍മാരല്ല, സര്‍ക്കാരിലെയും മരട് മുനിസിപ്പാലിറ്റിയിലെയും ഉദ്യോഗസ്ഥരാണ് ഉത്തരവാദികളെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അനധികൃത നിര്‍മാണത്തിന് ഉത്തരവാദികള്‍ ആയവരോട് സ്വീകരിക്കേണ്ട നടപടികള്‍ കോടതിക്ക് തീരുമാനിക്കാമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അനധികൃത നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണോ, ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കാണോ എന്ന് കണ്ടെത്താനാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ കമ്മീഷനെ സുപ്രീം കോടതി നിയോഗിച്ചത്.
കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തുറന്ന കോടതിയില്‍ വായിച്ചതിന് പിന്നാലെ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തേണ്ടതുണ്ടെന്ന് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് അന്വേഷണത്തിന് കോടതി ഉത്തരവിട്ടില്ല. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേസിലെ എല്ലാ കക്ഷികള്‍ക്കും നല്‍കാന്‍ അമിക്കസ് ക്യുറി ഗൗരവ് അഗര്‍വാളിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
റിപ്പോര്‍ട്ടിനെ സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ സെപ്റ്റംബര്‍ ആറിനകം കോടതിയെ സമീപിക്കാനും നിര്‍ദ്ദേശമുണ്ട്. ഹര്‍ജി അന്ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും. അന്ന് ഇതുസംബന്ധിച്ച അന്വേഷണത്തിന് കോടതി ഉത്തരവിടാനാണ് സാധ്യത.
തീരദേശ ചട്ടം ലംഘിച്ചാണ് ഫ്ളാറ്റുകള്‍ നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സുപ്രീം കോടതി ഉത്തരവ് പ്രകാരം മരടിലെ ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ വെഞ്ചേഴ്സ്, ഹോളി ഫെയ്ത്ത് എന്നീ ഫ്ളാറ്റുകള്‍ പൊളിച്ചത്. തുടര്‍ന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാരാണ് നല്‍കിയതെങ്കിലും ഈ തുക പിന്നീട് ഫ്ലാറ്റ് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കിയിരുന്നു.