കണ്ണൂര്‍: കാട്ടാന ശല്യത്തെ തുടര്‍ന്ന് കണ്ണൂര്‍ ആറളത്തെ സര്‍ക്കാര്‍ സ്കൂളിന് അവധി പ്രഖ്യാപിച്ചു. ആറളം ഫാം ഗവര്‍ണ്‍മെൻ്റ് ഹയര്‍ സെക്കണ്ടറി സ്കൂളിനാണ് തിങ്കളാഴ്ച (18-07-2022) പ്രധാന അധ്യാപകൻ അവധി പ്രഖ്യാപിച്ച്. ആറളത്ത് ഇന്നലെ രാത്രിയും കാട്ടാന ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുൻനിര്‍ത്തി സ്കൂളിന് അവധി നൽകാൻ തീരുമാനിച്ചത്.
ആറളം ഫാമിൽ ഇന്നലെ രാത്രിയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഒൻപതാം ബ്ലോക്കിലെ മല്ലികയുടെ വീട്ടിലെ ആട്ടിൻ കൂട് കാട്ടാന തകർത്തു. സമീപത്തെ നിരവധി മരങ്ങളും പിഴുതെറിഞ്ഞു. ആനയുടെ ആക്രമണത്തിൽ ആളപായമില്ല. ഇന്നലെ കാട്ടാനയെ തുരത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമം നടത്തിയതിന് പിന്നാലെയാണ് ആക്രമണം. കഴിഞ്ഞ വ്യാഴായ്ച്ച വിറക് ശേഖരിക്കാൻ പോയ ഫാം ബ്ലോക്ക് ഏഴിലെ ദാമുവിനെ കാട്ടാന കൊലപ്പെടുത്തിയിരുന്നു.
ദാമു മരിച്ച അതേ ദിവസം ദാമുവിൻ്റെ വീടിന് തൊട്ടപ്പുറത്തെ വീട്ടിൽ കാട്ടാനയെത്തുകയും വലിയ ആക്രമണം നടത്തുകയും ചെയ്തു. ഒരു പകൽ മുഴുവൻ വനപാലകർ പ്രദേശത്തുണ്ടായിട്ടും ദാമുവിനെ ആക്രമിച്ച ആനയെപ്പോലും തുരത്താനായില്ലെന്ന് നാട്ടുകാർ പറയുന്നു, വീട്ടിൽ ആളില്ലാത്തത് കൊണ്ട് മാത്രമാണ് വലിയ ദുരന്തം ഒഴിവായത്. ഈ വർഷം ജനുവരിയിൽ ചെത്തു തൊഴിലാളിയായിരുന്ന റിജേഷും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.