ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ കൂട്ടബലാത്സംഗം ചെയ്തെന്ന കേസില്‍ അയല്‍ക്കാരായ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. 23, 25, 35 വയസുള്ള പ്രതികള്‍ക്കെതിരേ പോക്സോ ചുമത്തി പോലീസ് കേസെടുത്തു. റൈഡ് വാഗ്ദാനം ചെയ്ത യുവാക്കള്‍ കാറിനുള്ളില്‍വെച്ച് പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയെന്ന് പോലീസ് അറിയിച്ചു. പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ജൂലായ് ആറിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 16 വയസുള്ള പെണ്‍കുട്ടി സുഹൃത്തിന്റെ വീട്ടില്‍പോയി മടങ്ങിവരികയായിരുന്നു. ഇതിനിടെ വസന്ത് വിഹാര്‍ മാര്‍ക്കറ്റിന് സമീപത്തുവച്ച് പ്രതികളില്‍ രണ്ടുപേരെ കണ്ടു. തുടര്‍ന്ന് ഇവര്‍ക്കൊപ്പം മാര്‍ക്കറ്റില്‍ ചുറ്റിത്തിരിയവേ മൂന്നാമത്തെയാള്‍ കാറുമായി എത്തുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പറഞ്ഞത്.
പെണ്‍കുട്ടിയുമായി കാറില്‍ മഹിപാല്പുരിലെത്തിയ യുവാക്കള്‍ അവിടെ നിന്ന് മദ്യം വാങ്ങി. തുടര്‍ന്ന് നഗരത്തിലൂടെ കാറോടിച്ച യുവാക്കള്‍ കാറിനുള്ളില്‍വെച്ച് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷം കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് പോലീസിന് വിവരം ലഭിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം എസ്.ജെ. ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.