IndiaNEWS

ഐഐടി മദ്രാസ് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം; ആദ്യ നൂറില്‍ കേരളത്തില്‍നിന്ന് 3 സ്ഥാപനങ്ങള്‍; മുന്നില്‍ എം.ജി.

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഒന്നാം റാങ്ക് നേട്ടവുമായി ഐഐടി മദ്രാസ്. വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ച രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെയും സര്‍വകലാശാലകളുടെയും പട്ടികകേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാനാണ് പുറത്തുവിട്ടത്.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് ആണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓവറോള്‍ വിഭാഗത്തില്‍ ഐഐടി മദ്രാസ് ഇത്തവണയും മുന്നിലെത്തിയപ്പോള്‍, ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ് രണ്ടാമത്. ഓവറോള്‍ റാങ്കിങ്ങില്‍ കേരളത്തില്‍ നിന്ന് മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആദ്യ നൂറില്‍ ഇടം പിടിച്ചു. എം.ജി സര്‍വകലാശാല(51)യാണ് ഇതില്‍ മുന്നില്‍, കുസാറ്റ്(69), കോഴിക്കോട് എന്‍.ഐ.ടി (79) എന്നിവയാണ് മറ്റു സ്ഥാപനങ്ങള്‍.

ഓവറോള്‍, എന്‍ജിനയറിങ്, മാനേജ്മെന്റ്, ഫാര്‍മസി, കോളേജ്, ആര്‍ക്കിടെക്ചര്‍, ലോ, മെഡിക്കല്‍, ഡെന്റല്‍, റിസര്‍ച്ച് എന്നിങ്ങനെ പത്ത് വിഭാഗങ്ങളിലായാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡല്‍ഹി എയിംസാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഒന്‍പതാമതുണ്ട്.

സര്‍വകലാശാലാ വിഭാഗത്തില്‍ ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഒന്നാമതും ജെഎന്‍യു രണ്ടാമതുമാണ്. കേരളത്തില്‍ നിന്ന് നാല് സര്‍വകലാശാലകളാണ് ആദ്യ നൂറിലുള്‍പ്പെട്ടത്. എം.ജി സര്‍വകലാശാല 30, കേരള സര്‍വകലാശാല 40, കുസാറ്റ് 41, കാലിക്കറ്റ് സര്‍വകലാശാല 69 എന്നിങ്ങനെയാണ് റാങ്കുകള്‍. ഡല്‍ഹി മിറാന്‍ഡാ ഹൗസാണ് കോളേജുകളില്‍ ഒന്നാമത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് 24-ാം സ്ഥാനത്തുണ്ട്. രാജഗിരി കോളേജ് (27), തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് (50) എന്നിവര്‍ ആദ്യ അന്‍പതിലെത്തി.

മാനേജ്മെന്റില്‍ ഐ.ഐ.എം അഹമ്മദാബാദ് ആണ് ഒന്നാമത്. ഐ.ഐ.എം കോഴിക്കോട് അഞ്ചാമതാണ്. എന്‍ജിനീയറിങ് വിഭാഗത്തില്‍ ഐഐടി മദ്രാസാണ് ഒന്നാമത്. കേരളത്തില്‍ നിന്ന് മൂന്ന് എന്‍ജിനിയറിങ് കോളേജുകളാണ് ആദ്യ നൂറിലുള്‍പ്പെട്ടത്. എന്‍.ഐ.ടി കോഴിക്കോട് റാങ്ക് പട്ടികയില്‍ മുപ്പതാമതാണ്. തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ടെക്നോളജി 40-ാമതാണ്. പാലക്കാട് ഐഐടി -68.

 

Back to top button
error: