ദില്ലി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ട വ്യാജ പീഡന പരാതിയില്‍ പ്രതികള്‍ അന്വേഷണം നേരിടണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥനായ എല്‍എസ് സിബുവിനെതിരെ വ്യാജ ലൈംഗിക പീഡന പരാതിയുണ്ടാക്കിയ കേസിലാണ് കോടതിയുത്തരവ്.
സ്വപ്നയും എയര്‍ ഇന്ത്യാ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബും ചേര്‍ന്ന് ഗൂഢാലോചന നടത്തി എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥനായ എല്‍എസ് സിബുവിനെതിരെ വ്യാജ ലൈംഗിക പീഡന പരാതി നല്‍കിയെന്നാണ് കേസ്. ബിനോയ് ജേക്കബ് ഒന്നാം പ്രതിയും സ്വപ്‌ന രണ്ടാം പ്രതിയുമായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസില്‍നിന്ന് ബിനോയ് ജേക്കബ് വിചാരണ നേരിടണമെന്ന് ഹൈക്കാടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഇന്നത്തെ ഉത്തരവ്. ഈ കേസില്‍ ബിനോയ് ജേക്കബും സ്വപ്ന സുരേഷും ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നുണ്ട്. എയര്‍ഇന്ത്യാ ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
എയര്‍ ഇന്ത്യാ സാറ്റ്‌സ് ജീവനക്കാരിയായിരിക്കെയാണ് സ്വപ്ന സുരേഷ് എല്‍എസ് സിബുവിനെതിരെ ഗൂഢാലോചന നടത്തി വ്യാജ പരാതി നല്‍കിയത്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ അറസ്റ്റിന് പിന്നാലെ ഈ കേസും വാര്‍ത്തകളില്‍ നിറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചതിന് എല്‍എസ് സിബുവിനെതിരെ എയര്‍ ഇന്ത്യ നടപടിയെടുത്തിരുന്നു.