ദില്ലി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയുടെ മുൻ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ചിത്ര രാമകൃഷ്ണയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഇവര്‍ ബന്ധപ്പെട്ട് ഇഡി റജിസ്ട്രര്‍ ചെയ്ത കള്ളപ്പണ കേസ് അന്വേഷിക്കാന്‍ ദില്ലി കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇഡി ചിത്ര രാമകൃഷ്ണയെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അറസ്റ്റിനെ തുടർന്ന് രാമകൃഷ്ണയെ കോടതി നാല് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) ക്രിമിനൽ വകുപ്പുകൾ പ്രകാരം രാമകൃഷ്ണയ്‌ക്കൊപ്പം മറ്റൊരു മുൻ എൻഎസ്‌ഇ മേധാവി രവി നരേൻ, മുൻ മുംബൈ പോലീസ് കമ്മീഷണർ സഞ്ജയ് പാണ്ഡെ എന്നിവർക്കെതിരെ ഇഡി കേസെടുത്തിരുന്നു.
2009 നും 2017 നും ഇടയിൽ എൻഎസ്ഇ ജീവനക്കാരുടെ ഫോൺ ചോർത്തിയതിന് സിബിഐ കേസെടുത്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇഡിയുടെ നടപടി. വിരമിച്ച മുംബൈ പോലീസ് കമ്മീഷണർ പാണ്ഡെ സ്ഥാപിച്ച കമ്പനിയിൽ നരേനും ചിത്ര രാമകൃഷ്ണയും ചേർന്ന് സ്റ്റോക്ക് മാർക്കറ്റ് ജീവനക്കാരുടെ ഫോൺ കോളുകൾ നിയമവിരുദ്ധമായി ചോർത്തിക്കൊടുക്കാൻ ശ്രമിച്ചുവെന്ന് സിബിഐ കേസില്‍ ആരോപിക്കുന്നു.
സിബിഐയും ഇപ്പോൾ ഇഡിയും പാണ്ഡെ, അദ്ദേഹത്തിന്‍റെ ദില്ലി ആസ്ഥാനമായുള്ള കമ്പനി, എൻഎസ്ഇയുടെ മുൻ എംഡി, സിഇഒമാരായ നരേൻ, ചിത്ര രാമകൃഷ്ണ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രവി വാരണാസി, മഹേഷ് ഹൽദിപൂർ എന്നിവരെ കേസില്‍ പ്രതികളാക്കിയിട്ടുണ്ട്. ഫോണ്‍ ചോര്‍ത്തലിലെ ക്രമക്കേടുകൾ ഇഡി കണ്ടെത്തി, തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. കുറ്റങ്ങൾ അന്വേഷിക്കാൻ ധനകാര്യ മന്ത്രാലയം പിന്നീട് സിബിഐയോട് ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയോട് പറഞ്ഞു.