അഴുക്കുചാലില്‍ വീണ് ബോധം നഷ്ടപ്പെട്ട അമ്മയ്ക്ക് സി.പി.ആര്‍. നല്‍കി ആനക്കുട്ടി!; ഒരു വികാരനിര്‍ഭര രക്ഷപെടല്‍ ചിത്ര കഥ…
അത്യന്തം വികാരനിര്‍ഭരമായ രക്ഷപ്പെടുത്തല്‍ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് സെന്‍ട്രല്‍ തായ്ലന്‍ഡിലെ നഖോണ്‍ നയോക്കിലെ മൃഗഡോക്ടര്‍മാരും നാട്ടുകാരും. അപകടത്തില്‍പ്പെട്ട് ബോധം നഷ്ടപ്പെട്ട അമ്മയാനയെ രക്ഷിക്കാനുള്ള കുട്ടിയാനയുടെ ശ്രമങ്ങളാണ് രക്ഷാപ്രവര്‍ത്തകരെ അവിസ്മരണീയ രംഗങ്ങള്‍ക്ക് സാക്ഷിയാക്കിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയ്ക്കിടെ ഒരു തള്ളയാനയും കുട്ടിയാനയും ഏഴടി ആഴമുള്ള ഒരു കോണ്‍ക്രീറ്റ് ചാലില്‍ അകപ്പെട്ടു. മഴയില്‍ നനഞ്ഞുകിടന്ന പുല്ലിലും ചെളിയിലും അടിതെറ്റിയാകാം ഇരുവരും കുഴിയില്‍ വീണതെന്നാണ് കരുതുന്നത്.
വീഴ്ചയില്‍ കുട്ടിയാനയ്ക്ക് കാര്യമായ പരുക്കേറ്റില്ലെങ്കിലും കോണ്‍ക്രീറ്റ് സ്ലാബില്‍ തലയിടിച്ചാകാം, തള്ളയാനയുടെ ബോധം നഷ്ടമായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും കനത്ത മഴ വെല്ലുവിളിയായി. ഒടുവില്‍ ഒരു ക്രെയിന്‍ ഉപയോഗിച്ച് ഡോക്ടര്‍മാരും നാട്ടുകാരും രണ്ട് ആനകളെയും അഴുക്കുചാലില്‍ നിന്ന് പുറത്തെടുത്തു.
പുറത്തെടുത്തിട്ടും എഴുന്നേല്‍ക്കാഞ്ഞതോടെ തന്റെ അമ്മയെ ഉണര്‍ത്താനുള്ള ശ്രമത്തിലായി കുട്ടിയാന. അമ്മയുടെ ദേഹത്തില്‍ ഇടിച്ചും അടിച്ചുമൊക്കെ ആനക്കുട്ടി ശ്രമം നടത്തിയെങ്കിലും തള്ളയാന ഉണര്‍ന്നില്ല. കൊടും തണുപ്പും തലയിടിച്ചുണ്ടായ ബോധക്കേടും തള്ളയാനയുടെ ജീവന്‍ അപകടത്തിലാക്കിയിരുന്നു.
എന്നാല്‍ ആനയെ രക്ഷിക്കാന്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയായിരുന്നു ഡോക്ടര്‍മാര്‍. കുട്ടിയാനയുടെ ഇടിയും അടിയുമൊക്കെക്കണ്ട് ഒടുവില്‍ അവരും സഹായത്തിനെത്തി. എന്നാല്‍ ആനയ്ക്ക് എങ്ങനെ സി.പി.ആര്‍. നല്‍കും എന്നതാണ് അവരെ കുഴക്കിയത്.
ഒടുവില്‍ രണ്ടുപേര്‍ ചേര്‍ന്ന് കുട്ടിയാന നോക്കിനില്‍ക്കെ തള്ളയാനയുടെ നെഞ്ചിന്റെ ഭാഗത്തായി കയറിനിന്ന് ചാടാന്‍ തുടങ്ങി. ഏതാനും നിമിഷം കഴിഞ്ഞപ്പോള്‍ തള്ളയാന കണ്‍തുറന്നു.
ഏറെ സന്തോഷവും സംതൃപ്തിയും നിറഞ്ഞ നിമിഷമായിരുന്നു അതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
കുട്ടിയാനയുടെ ഉത്തേജനം ആ അമ്മയുട ജീവന്‍വീണ്ടെടുക്കുന്നതില്‍ നിര്‍ണായകമാന്നൊണ് രക്ഷാ പ്രവര്‍ത്തകരുടെ പ്രതികരണം. ഇടയ്ക്ക് കുട്ടിയാനയ അവിടെനിന്ന് മാറ്റാന്‍ ആലോചിച്ചിരുന്നെങ്കിലും കരച്ചില്‍ കേട്ട് ഏറെയകലെയല്ലാതെ നിലയുറപ്പിച്ചിരിക്കുന്ന മുപ്പതോളം വരുന്ന കാട്ടനക്കൂട്ടം കുതിച്ചെത്തുമെന്നതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചിരുന്നു.
മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തള്ളയാന ബോധം വീണ്ടെടുത്തത്. തള്ളയാനയെയും കുട്ടിയെയും വീണ്ടും ഒന്നിക്കാന്‍ അനുവദിച്ച്, റേഞ്ചര്‍മാരും മൃഗഡോക്ടര്‍മാരും രംഗം വിട്ടു. പിന്നാലെ ഇരുവരും കാട്ടാനക്കൂട്ടത്തോടു ചേര്‍ന്നു കാട്ടിലേക്ക് അപ്രത്യക്ഷരായി.