പാലക്കാട്: കെ.എസ്.ഇ.ബി. ജീവനക്കാരുടെ അനാസ്ഥയില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി. അട്ടപ്പാടി ഷോളയൂരില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.
പശ്ചിമ ബംഗാള്‍ സ്വദേശി ആഖിബുള്‍ ശൈഖാണ് മരിച്ചത്. വൈദ്യുതി ലൈന്‍ ഇയാളുടെ ശരീരത്തിലേക്ക് പൊട്ടി വീഴുകയായിരുന്നു. നേരത്തെ തകരാറിലായുന്ന വൈദ്യുത കമ്പി മാറ്റി സ്ഥാപിക്കാന്‍ നാട്ടുകാര്‍ പല തവണ ആവശ്യപ്പെട്ടിരുന്നു. അനാസ്ഥമൂലം കെ.എസ്.ഇ.ബി. ജീവനക്കാര്‍ കണ്ണടച്ചതാണ് ഒരാളുടെ ജീവന് നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
കെട്ടിട നിര്‍മാണത്തിന് എത്തിയത് ആയിരുന്നു ആഖിബുള്‍ ശൈഖ്. തലയില്‍ സിമന്റ് ചാക്കുമായി പോകുന്നതിനിടെയാണ് ദേഹത്തേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീണത്.
ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. അരക്കിലോമീറ്റര്‍ ദൂരത്തുള്ള ട്രാന്‍സ്ഫോമറിലെ ഫ്യൂസ് ഊരിയ ശേഷമാണ് ആഖിബിനെ ആശുപത്രിയിലേക്ക് മാറ്റാനാതായത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.