ബാർക് റേറ്റിംഗിൽ കൃത്രിമം കാണിച്ചത് മൂന്ന് ചാനലുകളെന്നു മുംബൈ പോലീസ് .റിപ്പബ്ലിക് ടിവി ,ഫക്ത് മറാത്തി ,ബോക്സ് സിനിമ എന്നിവയാണ് മൂന്നു ചാനലുകൾ എന്ന് മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിങ് പറഞ്ഞു .ഇതുമായി ബന്ധപ്പെട്ടു രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു .
വീടുകളിൽ രഹസ്യമായി ഘടിപ്പിച്ചിരിക്കുന്ന മീറ്ററുകളിലൂടെയാണ് ടെലിവിഷൻ റേറ്റിംഗ് കണക്കാക്കുന്നത് .ഈ വീടുകളെ കണ്ടെത്തി അവർക്ക് പാരിതോഷികം നൽകി കണ്ടില്ലെങ്കിലും നിശ്ചിത ചാനലുകൾ ഓൺ ആക്കി ഇടാൻ വഴിയൊരുക്കുക ആണ് ചെയ്യുന്നത് .
2000 മീറ്ററുകൾ ആണ് മുംബൈയിൽ ആകെ ഘടിപ്പിച്ചിട്ടുള്ളത് .റേറ്റിംഗിൽ കൃത്രിമം നടത്താൻ നിയോഗിക്കപ്പെട്ടവർ ഈ വീടുകളിലെത്തി വീട്ടുകാർക്ക് കൈക്കൂലി നൽകി പ്രത്യക ചാനലുകൾ മാത്രം വെപ്പിക്കും .
അറസ്റ്റിലായ രണ്ടു പേരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ് .ഒരാളിൽ നിന്ന് 20 ലക്ഷം രൂപയും മറ്റൊരാളിൽ നിന്ന് എട്ടര ലക്ഷം രൂപയും കണ്ടെടുത്തു .
മറാത്തി ചാനലുകളുടെ ഉടമകളെ അറസ്റ്റ് ചെയ്തതായി കമ്മീഷണർ അറിയിച്ചു .റിപ്പബ്ലിക് ടിവി റേറ്റിംഗിൽ കൃത്രിമം നടത്തുന്ന കാര്യം ബാർക്കിനെ അറിയിച്ചതായും ബാർക്കിൽ നിന്ന് റേറ്റിംഗ് വിവരം ശേഖരിച്ചതായും കമ്മീഷണർ വ്യക്തമാക്കി .മുംബൈയിൽ ഇത് നടക്കുന്നുണ്ടെങ്കിൽ രാജ്യത്തെ വിവിധ ഇടങ്ങളിൽ ഇത് നടക്കാമെന്നു കമ്മീഷണർ വ്യക്തമാക്കി .
മീറ്ററുകൾ നിരീക്ഷിക്കുന്ന ഹൻസാ എന്ന ഏജൻസി ചില മുൻ ജീവനക്കാരെ കുറിച്ച് പരാതി നൽകിയിട്ടുണ്ടെന്നും നിലവിലെ ചില ജീവനക്കാരെ സംശയിക്കുന്നുണ്ടെന്ന് അറിയിച്ചതായും കമ്മീഷണർ ചൂണ്ടിക്കാട്ടി .
ചോദ്യം ചെയ്യാനായി റിപ്പബ്ലിക് ടിവി ഡയറക്ടർ അർണാബ് ഗോസ്വാമിയെ വിളിച്ചു വരുത്തുമെന്നും കമ്മീഷണർ അറിയിച്ചു .അന്വേഷണ വിവരങ്ങൾ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന് കൈമാറിയതായും മുംബൈ പോലീസ് അറിയിച്ചു .