ദില്ലി: തെക്കന്‍ ഗുജറാത്തില്‍ കനത്തമഴയില്‍ വന്‍ നാശനഷ്ടങ്ങളെന്ന് റിപ്പോര്‍ട്ട്. നിരവധി ജില്ലകള്‍ പ്രളയത്തില്‍ മുങ്ങി. മഴക്കെടുതി മൂലം 24 മണിക്കൂറിനിടെ ഏഴ് പേര് മരിച്ചു. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക വരെ നീളുന്ന ന്യൂനമര്‍ദ്ദ പാത്തിയാണ് മഴകനക്കാന്‍ കാരണം.
അംബികാ നദി കരകവിഞ്ഞപ്പോള്‍ കുടുങ്ങിപ്പോയ 16 രക്ഷാ പ്രവര്‍ത്തകരെയാണ് കോസ്റ്റ് ഗാര്‍ഡ് എയര്‍ ലിഫ്റ്റ് ചെയ്തത്. വല്‍സാഡ് ജില്ലയിലാണ് സംഭവം നടന്നത്. അയല്‍ ജില്ലകളിലും ദുരിത കാഴ്ചകള്‍ സമാനമാണ്. നര്‍മ്മദാ ജില്ലയില്‍ ഇന്നലെ 440 മില്ലീമീറ്ററിലധികം മഴയാണ് പെയ്തിറങ്ങിയത്. അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത അഞ്ച് ദിവസങ്ങളിലും പല ജില്ലകളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
തെക്കന്‍ ഗുജറാത്തില്‍ ഡാങ്, നവസാരി, താപി, വല്‍സാദ്, മധ്യ ഗുജറാത്തിലെ പഞ്ച്മഹല്‍, ഛോട്ടാ ഉദേപൂര്‍, ഖേഡ എന്നിവയാണ് മഴ ബാധിത ജില്ലകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്രത്തില്‍ നിന്ന് സാധ്യമായ എല്ലാ സഹായവും ഗുജറാത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനയെയും (എസ്ഡിആര്‍എഫ്) ദേശീയ ദുരന്ത നിവാരണ സേനയെയും (എന്‍ഡിആര്‍എഫ്) വിന്യസിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതി വിലയിരുത്തി.
നവ്സാരി, ഛോട്ടാ ഉദേപൂര്‍, രാജ്കോട്ട് തുടങ്ങിയ ജില്ലകളിലെല്ലാം അടുത്ത മൂന്ന് ദിനം കൂടി തീവ്ര മഴ പെയ്യുമെന്നാണ് പ്രവചനം. പതിനായിരത്തിലേറെ പേരെ ഇതിനോടകം മാറ്റിപാര്‍പ്പിച്ചു. 500ലേറെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. സംസ്ഥാനത്ത് ജൂണ്‍ 1 മുതല്‍ മഴക്കെടുതിയില്‍ 63 പേരാണ് മരിച്ചത്.
മഹാരാഷ്ട്രയിലും മഴക്കെടുതിയില്‍ വന്‍ നാശ നഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നാസിക്കില്‍ ഗോദാവരി നദി കരകവിഞ്ഞതോടെ ക്ഷേത്രങ്ങള്‍ വെള്ളത്തിനടിയിലായി. കിഴക്കന്‍ മഹാരാഷ്ട്രയിലെ ഗച്ച് റോളിയില്‍ പ്രളയബാധിത മേഖലകളില്‍ മുഖ്യമന്ത്രി ഏക്നാഥ് ശിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസും നേരിട്ട് സന്ദര്‍ശിച്ചു. പൂനെ,കോലാപ്പൂര്‍, രത്നഗിരി, സിന്ധുദുര്‍ഗ് തുടങ്ങിയ ജില്ലകളില്‍ രണ്ട് ദിനം കൂടി റെഡ് അലര്‍ട്ട് തുടരും. 24 മണിക്കൂറിനിടെ 5 പേര് കൂടി മഴക്കെടുതിയില്‍ മഹാരാഷ്ട്രയില്‍ മരിച്ചു.