കണ്ണൂര്‍: എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതിയെ പിടികൂടാത്തതു സംബന്ധിച്ച ചോദ്യത്തിന് സുകുമാരക്കുറുപ്പിനെ കൂട്ടുപിടിച്ച് ഇ.പി. ജയരാജന്െ്റ ഉത്തരം. ആക്രമണം നടന്നിട്ട് 12 ദിവസമായിട്ടും പ്രതികളേക്കുറിച്ച് സൂചനയില്ലല്ലോയെന്ന ചോദ്യത്തെ ‘സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി, പിടിച്ചോ?’ എന്ന മറുചോദ്യവുമായാണ് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന് നേരിട്ടത്. ‘പലരും മാറിമാറി ഭരിച്ചില്ലേ. പിടിച്ചോ? എത്രയെത്ര കേസുകളുണ്ട് ഇങ്ങനെ?’, അദ്ദേഹം ആരാഞ്ഞു.
എ.കെ.ജി. സെന്റര്‍ ആക്രമണം പോലീസ് നല്ലനിലയില്‍ അന്വേഷിക്കുന്നുണ്ട്. പിന്നെ, കക്കാന്‍ പഠിക്കുന്നവര്‍ക്കറിയാം നില്‍ക്കാനും. ഇത്തരത്തില്‍ കൃത്യങ്ങള്‍ നിര്‍വഹിക്കുന്നവര്‍ രക്ഷപ്പെടാനുള്ള വഴികളും സ്വീകരിക്കും, സ്വീകരിച്ചിട്ടുണ്ടാവാം. അതുകൊണ്ട് ശക്തിയും ബുദ്ധിപരമായ കഴിവും എല്ലാത്തരത്തിലുമുള്ള ശാസ്ത്രസാങ്കേതിക വിദ്യകളും ഉപയോഗിച്ചുകൊണ്ട് വളരെ ജാഗ്രതയോടെയാണ് പോലീസ് കേസ് അന്വേഷിക്കുന്നത്, ജയരാജന് പറഞ്ഞു.
എ.കെ.ജി. സെന്റര്‍ ആക്രമണത്തിനു പിന്നില്‍ ജയരാജനാണെന്ന കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ ആരോപണത്തോട് ‘സുധാകരന് മറുപടി നല്കാന് ആഗ്രഹിക്കുന്നില്ല. അയാളെ പോലെ തരംതാഴാന്‍ ഞാന്‍ ഇല്ല, എന്നായിരുന്നു ജയരാജന്െ്റ മറുപടി. തനിക്ക് ബോംബുമായി ഒരു പരിചയമില്ല, നിര്‍മിക്കാനും എറിയാനും അറിയില്ല. ആശയ പരമായ പ്രതിഷേധമാണ് സിപിഎമ്മിന്റെ രീതി. വിഷയത്തില്‍ സാധാരണ ഒരു പൗരന് എന്ന നിലയില്‍ ഉള്ള അന്വേഷണം നടത്തുമെന്നും ജയരാജന് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് അനുകൂലമായുള്ള മുന്‍ ഡിജിപി ശ്രീലേഖയുടെ പ്രസ്താവന നിയമ വിദഗ്ദര്‍ തന്നെ പരിശോധിക്കും. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യും. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. താന്‍ ആര്‍ക്കെങ്കിലും എതിരായോ അനുകൂലമായോ ഒന്നും പറയുന്നില്ല. പഴയ ഉന്നത ഉദ്യോഗസ്ഥര്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുന്ന കാലമാണ്. വിരമിച്ചാല്‍ അവര്‍ വ്യക്തികളാണ് എന്നും ഇ പി ജയരാജന് പറഞ്ഞു.