എജ്ബാസ്റ്റണ്‍: ഇന്ത്യന്‍ ആരാധകര്‍ക്കു നേരേ ഇംഗ്ലണ്ടില്‍ വംശീയാധിക്ഷേപം. ബര്‍മിങ്ങാം സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ – ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിനിടെയാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് നേര്‍ക്ക് വംശീയാധിക്ഷേപമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. മുപ്പത്തിരണ്ടുകാരനായ യുവാവിനെയാണ് അറസ്റ്റ് ചെയ്തതെന്ന് ബര്‍മിങ്ങാം പോലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. പൊതുസ്ഥലത്ത് വംശീയമായ മോശം പെരുമാറ്റത്തിന്റെ പേരിലാണ് അറസ്റ്റ്.
എജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ നാലാം ദിനത്തില്‍ സ്റ്റേഡിയത്തിലുണ്ടായിരുന്ന ചില ഇംഗ്ലണ്ട് ആരാധകര്‍ ഇന്ത്യന്‍ കാണികള്‍ക്കു നേരെ മോശമായി പെരുമാറുകയായിരുന്നു. സ്റ്റേഡിയത്തിന്റെ തെക്ക് ഭാഗത്തെ ഗാലറിക്ക് താഴെ ഇരുന്ന ഇംഗ്ലീഷ് കാണികള്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് നേരെയും മോശം വാക്കുകള്‍ പ്രയോഗിച്ചുവെന്നും ആരോപണമുണ്ട്.
സ്റ്റേഡിയത്തിലുണ്ടായിരുന്ന ഇന്ത്യന്‍ ആരാധകരില്‍ ചിലര്‍ ഇംഗ്ലണ്ട് കാണികളില്‍ നിന്നുണ്ടായ മോശം അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.
കേട്ടാലറയ്ക്കുന്ന വാക്കുകള്‍ ഇംഗ്ലണ്ട് കാണികള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് നേര്‍ക്ക് ഉപയോഗിച്ചുവെന്ന് വിവിധയാളുകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു.