കണ്ണൂര്‍: തലശേരിയില്‍ സദാചാരപ്പോലീസ് ചമഞ്ഞ് ദമ്പതിമാര്‍ക്കുനേരേ പോലീസ് അതിക്രമമെന്ന് പരാതി. തലശ്ശേരി സഹകരണ ആശുപത്രിയില്‍ നഴ്സായ മേഘയും ഇലക്ട്രീഷ്യനായ ഭര്‍ത്താവ് പ്രത്യുഷും ആണ് പോലീസിന്‍െ്‌റ സദാചാര വിചാരണയ്ക്കും മര്‍ദ്ദനത്തിനും ഇരയായത്. മര്‍ദ്ദനത്തിനും ഭീഷണിക്കും ഒടുവില്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പേരില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയും ചെയ്‌തെന്ന് അതിക്രമം നേരിട്ട മേഘ പറഞ്ഞു.
സംഭവം വാര്‍ത്തയായതോടെ തലശ്ശേരി ഇന്‍സ്‌പെക്ടര്‍ക്കും എസ്‌ഐക്കുമെതിരെ വകുപ്പുതല അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിട്ടു. ഇരുവര്‍ക്കുമെതിരായ ആരോപണം തലശ്ശേരി എസിപിയും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും പ്രത്യേകം അന്വേഷിക്കും. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും വൂണ്ട് സര്‍ട്ടിഫിക്കറ്റും പരിശോധിക്കാനും കമ്മീഷണര്‍ ആര്‍. ഇളങ്കോ നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഇക്കാര്യത്തില്‍ തുടര്‍ നടപടി ഉണ്ടാകുമെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.
നടന്നതെന്ത്:
ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ പുറത്ത് പോയതായിരുന്നു മേഘയും ഭര്‍ത്താവും. ഭക്ഷണവും കഴിച്ച് കടല്‍ പാലത്തിനടുത്ത് ചെന്നപ്പോള്‍ സമയം 11 മണിയായി. പെട്രോളിങ്ങിനെത്തിയ പൊലീസ് സംഘം എന്തിനാണ് ഇവിടെ നില്‍ക്കുന്നതെന്നും ഉടന്‍ പോകണമെന്നും ആവശ്യപ്പെട്ടു. പൊലീസില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായപ്പോള്‍ തിരികെ ചോദ്യങ്ങള്‍ ചോദിച്ചു. നിയമപരമായി എന്ത് അധികാരത്തിലാണ് ഇങ്ങനെ പറയുന്നതെന്ന് പ്രത്യുഷ് ചോദിച്ചതോടെ തര്‍ക്കമായി.
പിന്നാലെ പൊലീസ് അസഭ്യ വര്‍ഷം നടത്തി. ഒരു ജീപ്പ് കൂടി വിളിച്ചു വരുത്തി ഇരുവരെയും എസ് ഐ മനുവും സംഘവും സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. മേഘയെ സ്റ്റേഷന്റെ പുറത്ത് നിര്‍ത്തി അസഭ്യം പറയുകയും ഭര്‍ത്താവിനെ സ്റ്റേഷനകത്ത് ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് പരാതി. ഭര്‍ത്താവിനെ സ്റ്റേഷനില്‍ കെട്ടിത്തൂക്കും എന്ന് ഭീഷണിപ്പെടുത്തിയതായും രാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷന് പുറത്ത് നിര്‍ത്തിയെന്നും മേഘ പറഞ്ഞു.
പിന്നീട് പൊലീസിനെ ആക്രമിച്ചു എന്നും ജോലി തടസ്സപ്പെടുത്തി എന്നും ആരോപിച്ച് മേഘയ്ക്കും പ്രത്യുഷിനുമെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസുമെടുത്തു. മനുവിനെ റിമാന്‍ഡ് ചെയ്തു. സ്ത്രീ എന്ന പരിഗണനയില്‍ കോടതി മേഘയ്ക്ക് ജാമ്യം നല്‍കി.
എന്നാല്‍ പ്രത്യുഷിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും കടല്‍ക്ഷോഭം ഉള്ളത് കാരണമാണ് തിരികെ പോകാന്‍ പറഞ്ഞതെന്നുമാണ് ആരോപണ വിധേയനായ എസ്‌ഐ മനുവിന്റെ വിശദീകരണം.