ഇടുക്കി: നെടുങ്കണ്ടത്തിനു സമീപം മുണ്ടിയെരുമയില്‍ നടുറോഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും ഏറ്റുമുട്ടി. പത്തോളം പേര്‍ക്ക് പരിക്ക്. കല്ലാര്‍ ഗവണ്മെന്റ് സ്‌കൂളിനു മുന്നിലാണ് സംഘര്‍ഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ഞായറാഴ്ച തൂക്കുപാലത്ത് നടന്ന ഫുട്‌ബോള്‍ കളിയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ കുട്ടികളും പൂര്‍വവിദ്യാഥികളുമായി തര്‍ക്കവും സംഘര്‍ഷവും ഉണ്ടായിരുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ ഇടപെട്ട് ഇരു വിഭാഗത്തെയും ശാന്തരാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും സംഘര്‍ഷമുണ്ടായത്.
വൈകുന്നേരം നാലരയോടെയാണ് മുണ്ടിയെരുമയിലുള്ള സ്‌കൂളിലെത്തിയ പൂര്‍വവിദ്യാര്‍ഥികള്‍ കുട്ടികളെ ആക്രമിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഹോം ഗാര്‍ഡിന് നേരെയും ആക്രമണ ശ്രമമുണ്ടായി. സംഭവം അറിഞ്ഞ് നെടുങ്കണ്ടത്തു നിന്നും പൊലീസെത്തി ഇവരെ പിരിച്ചുവിട്ടു. സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രിയില്‍ കുട്ടികളുണ്ടെന്നറിഞ്ഞ് എത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം വീണ്ടും തൂക്കുപാലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
ഇതോടെ നാട്ടുകാര്‍ ഇവരെ തടഞ്ഞുവയ്ക്കുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. പൊലീസെത്തിയാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. സംഭവം സംബന്ധിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സ്‌കൂള്‍ പരിസരത്തും തൂക്കുപാലത്തെ ആശുപത്രിയിലും പൊലീസ് കാവലേര്‍പ്പെടുത്തി.