KeralaNEWS

നവജാതശിശുവും അമ്മയും മരിച്ച സംഭവം: അമിത രക്തസ്രാവമാണ് യുവതിയുടെ മരണകാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

പാലക്കാട്: പാലക്കാട്: പ്രസവത്തിനിടെ നവജാതശിശുവും പിന്നാലെ അമ്മയും മരിച്ച സംഭവത്തില്‍ യുവതിയുടെ യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. അമിത രക്തസ്രാവമുണ്ടായതാണ് ഐശ്വര്യയുടെ മരണ കാരണമെന്നാണ് പ്രാഥമിക വിവരം. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തത വരൂവെന്ന് പാലക്കാട് ഡിവൈഎസ്പി പറഞ്ഞു. ചിറ്റൂര്‍-തത്തമംഗലം ചെമ്പകശ്ശേരിയിലുള്ള എം. രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും ആണ്‍ കുഞ്ഞുമാണ് പാലക്കാട് പടിഞ്ഞാറേ യാക്കരയ്ക്ക് സമീപമുള്ള തങ്കം ആശുപത്രിയില്‍ മരിച്ചത്.

കുഞ്ഞ് ഞായറാഴ്ചയും ഐശ്വര്യ തിങ്കളാഴ്ചയുമാണ് മരിച്ചത്. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അശ്രദ്ധയും അനാസ്ഥയും ചികിത്സാപ്പിഴവും കൊണ്ടാണ് ഇരുവരും മരിച്ചതെന്ന വീട്ടുകാരുടെ പരാതിയില്‍ പൊലീസ് മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരേ കേസെടുത്തിരുന്നു. ആശുപത്രിയിലെ ഡോക്ടര്‍മാരായ അജിത്, നിള. പ്രിയദര്‍ശിനി എന്നിവര്‍ക്കെതിരെ ചികിത്സാ പിഴവിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Signature-ad

ആറു ദിവസം മുന്‍പാണ് പ്രസവ വേദനയെ തുടര്‍ന്ന് 23 വയസുകാരി ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് തവണ മരുന്നു വച്ച ശേഷമാണ് സര്‍ജറിയിലേക്ക് ഡോക്ടര്‍മാര്‍ പോയതെന്നും സിസേറിയന്‍ വേണമെന്ന് ആദ്യം തന്നെതങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഐശ്വര്യയുടെ ബന്ധുക്കള്‍ പറയുന്നു. ഐശ്വര്യയെ നേരത്തെ പരിശോധിച്ച ഡോക്ടറല്ല പ്രസവത്തിനായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പരിശോധിച്ചത്. ശനിയാഴ്ച രാത്രിയാണ് പ്രസവമുറിയിലേക്ക് കൊണ്ടുപോകുന്നത്. പുലര്‍ച്ചെ രണ്ടരയോടെ കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. സമ്മതമില്ലാതെ ഗര്‍ഭപാത്രം നീക്കിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

കുട്ടിയെ പുറത്തെടുത്തത് വാക്വം ഉപയോഗിച്ചാണ്. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടര്‍ന്ന് ഐശ്വര്യയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. നവജാത ശിശുവിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി വരിഞ്ഞു മുറുകിയ നിലയിലായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട്. സംസ്‌കരിച്ചിരുന്നെങ്കിലും പരാതിയുയര്‍ന്ന സാഹചര്യത്തില്‍ പോലീസിടപെട്ട് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു.

തങ്കം ആശുപത്രിയില്‍ നിന്നും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഐശ്വര്യയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ വച്ചാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തങ്കം ആശുപത്രിയില്‍ ബന്ധുക്കള്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് ആശുപത്രിയില്‍ ക്യാംപ് ചെയ്യുന്നത്.

തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സഹകരിക്കണമെന്നും ആശുപത്രിയില്‍ നിന്നും പിരിഞ്ഞു പോകണമെന്നും പോലിസ്ഐശ്വര്യയുടെ ബന്ധുക്കളോട് ആവശ്യപ്പെട്ടു. എന്നാല്‍ ഡോക്ടറെ അറസ്റ്റ് ചെയ്യണം എന്ന കര്‍ശന നിലപാടിലാണ്ബന്ധുക്കള്‍. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ബന്ധുക്കളുടെ പരാതികള്‍ കൃത്യമായി പരിശോധിക്കുമെന്നും അതിനു ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

സംഭവത്തില്‍ യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. യുവജന കമ്മീഷന്‍ അംഗം ടി മഹേഷാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അതേസമയം, ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും സാധ്യമായ ചികിത്സയെല്ലാം നല്‍കിയെന്നും ആശുപത്രി ഭരണവിഭാഗം സീനിയര്‍ മാനേജര്‍ പറഞ്ഞു. അമിതരക്തസ്രാവമാണ് അമ്മയുടെ ആരോഗ്യനില വഷളാക്കിയതെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.

Back to top button
error: