IndiaNEWS

എന്‍.സി.പി. നേതാവ് അജിത് പവാര്‍ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ്

മുംബൈ: മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന എന്‍.സി.പി. നേതാവുമായ അജിത് പവാര്‍ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവാകും. എന്‍.സി.പി. നിയമസഭാകക്ഷി നേതാവ് ജയന്ത് പാട്ടീലാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് അജിത്തിനെ നാമനിര്‍ദേശം ചെയ്തത്. 288 അംഗ നിയമസഭസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് എന്‍.സി.പി.

അതിനിടെ, ചീഫ് വിപ്പായി ഭരത് ഗഗവാലയെ സ്പീക്കര്‍ അംഗീകരിച്ചതിന് എതിരെ ശിവസേന സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ ഹര്‍ജി അടിയന്തരമായി കേള്‍ക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഈ മാസം 11 ന് മറ്റ് ഹര്‍ജികള്‍ക്കൊപ്പം ശിവസേനയുടെ ഹര്‍ജിയും കേള്‍ക്കും.

വിമതശിവസേനാ നേതാവ് ഏക്നാഥ് ഷിന്‍െഡെ കലാപക്കൊടി ഉയര്‍ത്തിയതിനെ തുടര്‍ന്ന് രണ്ടാഴ്ചയോളം നീണ്ട രാഷ്ട്രീയനാടകത്തിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടി സര്‍ക്കാര്‍ വീണത്. പിന്നീട് ഷിന്‍ഡെ ക്യാമ്പും ബി.ജെ.പിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചു. ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായപ്പോള്‍ ഉപമുഖ്യമന്ത്രിസ്ഥാനം ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസിനാണ് ലഭിച്ചത്.

Back to top button
error: