CrimeNEWS

കളിക്കാനെന്ന വ്യാജേനയെത്തി ടര്‍ഫുകള്‍ കേന്ദ്രീകരിച്ച് രാത്രിയില്‍ മയക്കുമരുന്ന് വില്‍പന: യുവാവ് അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വിവിധ ടര്‍ഫുകള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തുന്ന യുവാവ് പിടിയില്‍. മാത്തോട്ടം മോട്ടിമഹലില്‍ റോഷന്‍ (22) ആണ് മയക്കുമരുന്നുമായി പിടിയിലായത്. രാത്രി കളിക്കാനെന്ന വ്യാജേന ടര്‍ഫുകള്‍ക്ക് സമീപത്തെത്തി യുവാക്കളെ വലയിലാക്കുന്നതാണ് പ്രതിയുടെ രീതി.

ഇത്തരത്തില്‍ ലഹരിക്ക് അടിമപ്പെടുത്തിയശേഷം യുവാക്കളെ ലഹരികടത്തുന്നതിനായും ഉപയോഗിക്കാറാണ് പതിവ്. ഒരിക്കല്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ രക്ഷപ്പെടാന്‍ കഴിയാത്തവിധം ലഹരിക്ക് അടിമപ്പെടുത്തുന്ന സിന്തറ്റിക് മയക്കുമരുന്ന് വിഭാഗത്തില്‍ പെട്ട എംഡിഎംഎയാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്.

Signature-ad

ഗോവയില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് സിന്തറ്റിക് ഡ്രഗ്ഗുകള്‍ യുവതലമുറയെ തകര്‍ക്കാന്‍ അതിര്‍ത്തികടന്നെത്തുന്നതെന്ന് ഡന്‍സാഫിന് വിവരം ലഭിച്ചിട്ടുണ്ട്. മുമ്പ് ഗ്രാമിന് രണ്ടായിരം രൂപ യായിരുന്നത് എംഡിഎംഎ ഉപയോഗം വ്യാപകമാക്കുന്നതിനായി ലഹരി മാഫിയ ഇപ്പോള്‍ ഗ്രാമിന് ആയിരം രൂപയ്ക്കാണ് വില്‍പന നടത്തുന്നത്.

തലച്ചോറിലെ കോശങ്ങള്‍ വരെ നശിപ്പിക്കാന്‍ ശേഷിയുള്ള സിന്തറ്റിക് ഡ്രഗ്ഗുകളാണ് ദിനംപ്രതി ലഹരി വിപണിയില്‍ വിവിധ പേരുകളിലായി പ്രത്യക്ഷപ്പെടുന്നത്. പ്രധാനമായും പെണ്‍കുട്ടികളെയും യുവതലമുറയെയും ലക്ഷ്യംവെച്ചാണ് ലഹരി മാഫിയ ഇത്തരം മയക്കുമരുന്ന് ചെറുകിട വിതരണക്കാരിലൂടെ സമൂഹത്തിന്റെ നാനാതുറകളിലെത്തിക്കുന്നത്. ഏതുവിധത്തിലും ഉപയോഗിക്കാമെന്നതാണ് എംഡിഎംഎ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാന്‍ കാരണം. പന്ത്രണ്ടുമണിക്കൂര്‍ മുതല്‍ ഇരുപത്തിനാല് മണിക്കൂര്‍ വരെ ഇതിന്റെ ലഹരി നീണ്ടുനില്‍ക്കും.

കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആമോസ് മാമ്മന്‍ ഐപിഎസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.പ്രകാശന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്‍ഡി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ എ.എം സിദ്ദിഖ് ന്റെ നേതൃത്വത്തിലുള്ള പന്നിയങ്കര പൊലീസും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ എ.എം സിദ്ദിഖ് അന്വേഷണത്തിന് നേതൃത്വം നല്‍കി. ഡന്‍സാഫ് അസിസ്റ്റന്റ് എസ്‌ഐ മനോജ് എടയേടത്ത്, സീനിയര്‍ സിപിഒ കെ.അഖിലേഷ് സി.പി.ഒ മാരായ കാരയില്‍ സുനോജ്, അര്‍ജുന്‍ അജിത്ത് പന്നിയങ്കര സബ് ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍ എഎസ്‌ഐ സാജന്‍ പുതിയോട്ടില്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. മാത്തൊട്ടം സ്വദേശികളായ രണ്ടുപേരെ എംഡിഎംഎ യുമായി ഹോട്ടല്‍മുറിയില്‍ നിന്നും ഡന്‍സാഫ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

 

Back to top button
error: