: കിടക്കാനുള്ള മുറിയ്ക്ക് മതിലുകളില്ല, രാത്രി ഉറങ്ങാനാകില്ല, ചൂടു പിടിച്ച ചര്‍ച്ചകള്‍ മാത്രം.
ഇത്തരത്തിൽ ഏറെ പ്രത്യേകതകളുള്ള ഒരു ഹോട്ടലുണ്ട്. നമ്മുടെ നാട്ടിലെങ്ങുമല്ല, സ്വിറ്റ്‌സര്‍ലന്‍ഡിലാണ് ഏറെ പുതുമകളുള്ള ഈ വാസസ്ഥലം. ലോകത്തെക്കുറിച്ചുള്ള സകല ആശങ്കകളെയും പ്രശ്‌നങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യാനും ഇനിയെന്ത് എന്നാലോചിക്കാനും പ്രതിഷേധം പങ്കുവയ്ക്കാനും മാത്രമുള്ള ഇടമാണ് ഈ ഹോട്ടല്‍.
ഈ ഹോട്ടലില്‍ താമസിക്കുന്നതിനായി ഒരു ദിവസത്തെ വാടക വെറും 26,000 രൂപ മാത്രമാണ്. ഈ സീറോ സ്റ്റാര്‍ ഹോട്ടലിന്റെ വിശേഷങ്ങള്‍ എന്തൊക്കെയെന്ന് നോക്കൂ.
ഈ ഹോട്ടല്‍ ആരംഭിച്ചത് കണ്‍സെപ്റ്റ് ആര്‍ടിസ്റ്റുമാരായ ഇരട്ട സഹോദരങ്ങളാണ്. ഫ്രാങ്ക്, പാട്രിക് റിക്ലിന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഹോട്ടല്‍ തുടങ്ങിയത്. തെക്കന്‍ സ്വിസ് കന്റോണായ വലൈസിലെ സെയ്ലോണ്‍ ഗ്രാമത്തിലാണ് വ്യത്യസ്തമായ ഈ മുറികള്‍ സ്ഥിതി ചെയ്യുന്നത്. വാതിലോ ഭിത്തിയോ ഇല്ലാതെ ഒരു പ്ലാറ്റ്ഫോമില്‍ വച്ചിരിക്കുന്ന ഡബിള്‍ ബഡും മേശകളും കസേരകളും ടേബില്‍ ലാംപുകളും മാത്രമേ മുറിയുടെ അകത്തുള്ളൂ. ഹോട്ടലിന്റെ അടിസ്ഥാന തത്ത്വം തന്നെ വ്യത്യസ്തമായി ചിന്തിക്കുക എന്നതാണ്. അതിമനോഹരമായ ഗ്രാമത്തിലെ രാത്രിയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് എത്തുന്ന അതിഥികള്‍ക്ക് രാഷ്ട്രീയവും തത്ത്വചിന്തയും കവിതയുമൊക്കെ ചർച്ച ചെയ്യാന്‍ കഴിയും.