
കോഴിക്കോട്: ജില്ലാ കലക്ടറുടെ ഇന്റേര്‍ണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് ബിരുധദാരികള്‍ക്ക് അപേക്ഷിക്കാന്‍ അവസരം. 2022 ജൂലായ് – ഒക്ടോബര്‍ ബാച്ചിലേക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ജൂലായ് 7 വരെ നീട്ടി. ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം.
ഇന്റേണ്‍ഷിപ്പിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പ്രോഗ്രാം സംബന്ധിച്ച വിശദാംശങ്ങള്‍ വായിച്ച് മനസ്സിലാക്കിയ ശേഷം ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കുകയാണ് വേണ്ടത്. നാല് മാസമാകും ഇന്റേര്‍ണ്‍ഷിപ്പിന്റെ കാലാവധി. സ്‌റ്റൈപ്പ്ന്റ് ഉണ്ടായിരുക്കുന്നതല്ല. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. അപേക്ഷകളില്‍ നിന്ന് പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ തുടര്‍ന്ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഇന്റര്‍വ്യൂവിന്റെ തിയ്യതിയും വിശദാംശങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവരെ പിന്നീട് അറിയിക്കുന്നതാണ്. പുതിയ ബാച്ച് ജൂലായ് രണ്ടാം വാരം ആരംഭിക്കും.

പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാന്‍ അവസരം നല്‍കികൊണ്ട് സര്‍ക്കാര്‍ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതല്‍ക്ക് തന്നെ സജീവ യുവജന പങ്കാളിത്തം ഉറപ്പുവരുത്തി കുടുതല്‍ കാലികവും ക്രിയാത്മകവുമായ മുന്നേറ്റം സാധ്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിവിധ സാമൂഹ്യവിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ മനസ്സിലാക്കി കൊണ്ട് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ അവസരം ലഭിക്കുന്നത് വഴി കൂടുതല്‍ വിശാലവും കരുണാര്‍ദ്രവുമായ ജീവിതവീക്ഷണമുള്ള സാമൂഹ്യപ്രതിബദ്ധരായ യുവജനസമൂഹത്തെ വാര്‍ത്തെടുക്കാന്‍ പരിപാടി മുഖാന്തിരം സാധിക്കുന്നു. വിവിധ സര്‍ക്കാര്‍ പദ്ധതികളെ വിശകലനം ചെയ്യാന്‍ അവസരമൊരുക്കുക വഴി വിമര്‍ശനാത്മകമായി വിഷയങ്ങളെ സമീപിക്കുവാനും, പ്രശ്‌ന പരിഹാരത്തിനുമുള്ള കഴിവ് ആര്‍ജ്ജിക്കുന്നതിനും യുവജനങ്ങളെ സഹായിക്കും വിധമാണ് പരിപാടി ക്രമീകരിച്ചിട്ടുള്ളത്.
വിശദ വിവരങ്ങള്‍ക്ക് ജില്ലാ കലക്ടറുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകള്‍ സന്ദര്‍ശിക്കുകയോ 9847764000, 04952370200 എന്ന നമ്പറുകളില്‍ വിളിക്കുകയോ projectcellclt@gmail.com എന്ന ഇ മെയിലില്‍ ബന്ധപ്പെടുകയോ ചെയ്യാം.