കോഴിക്കോട്: അര്ജുന് ആയങ്കിയുടെ സുഹൃത്തായ വടകര കല്ലേരിയില്‍ ബിജുവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ച ശേഷം കാര്‍ കത്തിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. നാദാപുരം വെള്ളൂക്കര സ്വദേശി വിശ്വജിത്ത്, കണ്ണൂര്‍ ചൊക്ലി സ്വദേശി ഷമ്മാസ്, പെരിങ്ങത്തൂര്‍ സ്വദേശി സവാദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
സംഭവത്തില്‍ വധശ്രമം ഉള്‍പ്പെടെ വകുപ്പുകള്‍ പൊലീസ് ചുമത്തിയിട്ടുണ്ട്. വ്യക്തി വൈരാഗ്യം മൂലം മര്‍ദ്ദിക്കുകയും തുടര്‍ന്ന് കാര്‍ കത്തിക്കുകയായിരുന്നുവെന്നുമാണ് കണ്ടെത്തല്‍. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് ഇടപാടുകളില്‍ അടക്കം രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടരും.
ഇന്നലെ പുലര്‍ച്ച ഒന്നരയോടെയാണ് ബിജുവിന്റെ കാര്‍ ഒരു സംഘം കത്തിച്ചത്. തന്നെ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം കാര്‍ കത്തിക്കുകയായിരുന്നുവെന്നാണ് ബിജു പൊലീസിനോട് പറഞ്ഞത്. നാദാപുരം വെള്ളൂക്കര സ്വദേശി വിശ്വജിത്ത് എന്ന ആള്‍ക്ക് തന്നോട് വ്യക്തി വൈരാഗ്യം ഉണ്ടെന്നും അയാളാണ്, കണ്ണൂര്‍ ചൊക്ലി സ്വദേശി ഷമ്മാസിനെയും, പെരിങ്ങത്തൂര്‍ സ്വദേശി സവാദിനെയും കൂട്ടിയെത്തി അക്രമം നടത്തിയത് എന്നുമായിരുന്നു മൊഴി. ഈ മൊഴിയെ അടിസ്ഥാനമാക്കിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സ്വര്‍ണക്കടത്ത് കേസുകളിലെ പ്രധാനിയായ, അര്ജുന് ആയങ്കിയുടെ അടുത്ത സുഹൃത്താണ് ബിജു എന്ന് പൊലീസിന് ലഭിച്ച വിവരം ലഭിച്ചിട്ടുണ്ട്. താന്‍ അറിയാതെ ബിജു, സ്വര്‍ണക്കടത്ത് നടത്തുന്നുണ്ടെന്ന് മാസങ്ങള്‍ക്ക് മുമ്പ് അര്ജുന് ആയങ്കി തുറന്നുപറഞ്ഞ ഫേസ്ബുക്ക് പോസ്റ്റും പൊലീസിന് കിട്ടി. സ്വര്‍ണക്കടത്തും അതിന്റെ പിന്നിലെ ക്വട്ടേഷന്‍ ഇടപാടും തന്നെയാണ് കാര്‍ കത്തിക്കലിന് പിന്നിലെന്നാണ് രഹസ്യാന്വേഷണ വിഭാഗവും പറയുന്നത്.