NEWSWorld

പരീക്ഷിക്കൂ, ഫലം നേടൂ; അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു, ആഴ്ചയിൽ 2 ‘അവാക്കാഡോ’ കഴിച്ചാൽ ഹൃദ്രോഗ സാധ്യത കുറയുമെന്ന്

‘അവാക്കാഡോ’ കഴിക്കാത്ത ആളുകളെ അപേക്ഷിച്ച് ആഴ്ചയിൽ രണ്ട് അവാക്കാഡോ പഴം കഴിക്കുന്നവർക്ക് ഹൃദ്രോഗ സാധ്യത കുറയുമെന്ന് പഠനം. ജേണൽ ഓഫ് അമേരിക്കൻ ഹാർട്ട് അസോസിയേഷനിലാണ് ഇത് പ്രസിദ്ധീകരിച്ചത്.
ഹാർവാർഡ് ടി.എച്ച്.ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ​ഗവേഷകരാണ് ഈ  പഠനം നടത്തിയത്.

ഫൈബർ, അപൂരിത കൊഴുപ്പ്, തുടങ്ങി ഒട്ടേറെ പോഷകങ്ങൾ സമൃദ്ധമായി അടങ്ങിയിട്ടുള്ള പഴമാണ് അവാക്കാഡോ. ഈ ഘടകങ്ങളെല്ലാം ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്നും പഠനത്തിൽ പറയുന്നു. ജീവിതശൈലിയും ആരോഗ്യ ഘടകങ്ങളും തമ്മിലുള്ള ബന്ധങ്ങൾ പഠനത്തിൽ ​ഗവേഷകർ പരിശോധിച്ചു. ഉയർന്ന കൊളസ്‌ട്രോൾ പോലുള്ള ഹൃദ്രോഗകാരണമായ ഘടകങ്ങളിൽ ‘അവാക്കാഡോ’ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് മുമ്പ് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. നാരുകൾ അടങ്ങിയ ആരോഗ്യകരമായ പഴവർ​ഗമാണ് അവാക്കാഡോ.

Signature-ad

അപൂരിത കൊഴുപ്പ് ആഹാരക്രമത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുമെന്നും ഹൃദ്രോഗങ്ങളെ തടയുന്നതിനുള്ള പ്രധാനപ്പെട്ട ഘടകമാണെന്നും പഠനം പറയുന്നു. ഒരോ ‘അവാക്കാഡോ’ ആഴ്ചയിൽ കുറഞ്ഞത് രണ്ട് തവണ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖത്തിനുള്ള സാധ്യത 16 ശതമാനം കുറയ്ക്കുന്നുവെന്നും കൊറോണറി ഹൃദ്രോഗത്തിനുള്ള സാധ്യത 21 ശതമാനം കുറവാണെന്നും ​ഗവേഷകർ കണ്ടെത്തി.

അവാക്കാഡോകളിൽ കൂടുതൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. അവാക്കാഡോകളിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് കൊറോണറി ആർട്ടറി രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

ദിവസവും ഒരു അവാക്കാഡോ കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും പഠനം. ഇല്ലിനോയിസ് സർവ്വകലാശാലയിലെ ​ഗവേഷകരുടേതാണ് ഈ പഠനം.  അവാക്കാഡോ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സ​ഹായിക്കുന്നു. മാത്രമല്ല, ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഒരു ഇടത്തരം അവാക്കാഡോയിൽ ഏകദേശം 12 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. പ്രതിദിനം 28 മുതൽ 34 ഗ്രാം വരെ ഫൈബർ ശരീരത്തിലെത്തണമെന്നാണ് വിദ​ഗ്ധർ നിർദേശിക്കുന്നത്.
‘അവാക്കാഡോ’ പിത്തരസം ആസിഡുകളും ഫാറ്റി ആസിഡുകളും വർദ്ധിപ്പിക്കും. ഈ മാറ്റങ്ങൾ ആരോഗ്യപരമായ  ധാരാളം ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ജേണൽ ഓഫ് ന്യൂട്രീഷ്യനിൽ പ്രസിദ്ധീകരിച്ച പഠനത്തിലും പറയുന്നു.

Back to top button
error: