കൊച്ചി: ടെന്‍ഡര്‍ വോട്ട് തുറന്ന് വിജയിയെ തീരുമാനിച്ചതിലൂടെ ചെല്ലാനം പഞ്ചായത്തില്‍ യുഡിഎഫിന് ഒരു സീറ്റുകൂടി നഷ്ടമായി.
കേരളത്തില്‍ ആദ്യമായാണ് ടെന്‍ഡര്‍ വോട്ടിലൂടെ വിജയിയെ കണ്ടെത്തുന്നത്. ട്വന്റി 20 സ്ഥാനാര്‍ഥി മേരി സിംലയാണ് വിജയിച്ചത്.
ഇതോടെ ചെല്ലാനം പഞ്ചായത്ത് കക്ഷിനില ട്വന്റി 20––9, എല്‍ഡിഎഫ്-–- 9, യുഡിഎഫ്––3 എന്നിങ്ങനെയായി.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചെല്ലാനം പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഒരു സ്ത്രീ വോട്ട് ചെയ്യാനായി എത്തിയപ്പോള്‍ അവരുടെ പേരില്‍ ആരോ നേരത്തേ വോട്ട് ചെയ്തതായി കണ്ടു. ഇത് വിവാദമായതോടെ ഇവര്ക്ക് ടെന്‍ഡര്‍ വോട്ട് രേഖപ്പെടുത്താന് അവസരം നല്കി. ഫലപ്രഖ്യാപനം വന്നപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഒരു വോട്ടിന് വാര്‍ഡില്‍ വിജയിച്ചു. എന്നാല്, ടെന്‍ഡര്‍ വോട്ട് പൊട്ടിക്കണമെന്നും തെരഞ്ഞെടുപ്പുഫലം മരവിപ്പിക്കണമെന്നും ട്വന്റി- 20 പ്രവര്‍ത്തകര്‍ വരണാധികാരിയോട് ആവശ്യപ്പെട്ടു. ഇലക്ഷന് ദിവസം തനിക്ക് മജിസ്റ്റീരിയല്‍ അധികാരം ഉണ്ടെന്നും തന്റെ തീരുമാനം തിരുത്താന്‍ മേല്‍ക്കോടതിയില്‍നിന്ന് ഉത്തരവ് വാങ്ങി വരണമെന്നും വരണാധികാരി നിലപാടെടുത്തു, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിച്ചു.
പ്രശ്നം നിയമപോരാട്ടത്തിലേക്ക് നീങ്ങിയതോടെ ഒന്നരവര്‍ഷത്തിനുശേഷം കോടതിവിധിപ്രകാരം ഹൈദരാബാദില്‍നിന്ന് വിദഗ്ധരെത്തി ആദ്യംചെയ്ത വോട്ട് മെഷീനില്‍നിന്ന് നീക്കം ചെയ്തു. ഇതോടെ ടെന്‍ഡര്‍ വോട്ട് തുറക്കേണ്ട വിഷയത്തില്‍ കോടതി തീരുമാനമെടുത്തു.
രണ്ടാഴ്ചമുമ്ബ് കോടതിയില്‍ ടെന്‍ഡര്‍ വോട്ട് തുറന്നപ്പോള്‍ ട്വന്റി- 20 സ്ഥാനാര്‍ഥിക്ക് വോട്ട് ലഭിക്കുകയും ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ഒപ്പം എത്തുകയും ചെയ്തു. തുടര്‍ന്ന് ചൊവ്വാഴ്ച തോപ്പുംപടി മുനിസിപ്പല്‍ കോടതിയില്‍ നടന്ന നറുക്കെടുപ്പില്‍ ട്വന്റി- 20 സ്ഥാനാര്‍ഥി മേരി സിംല വിജയിയായി, യുഡിഎഫിന് ഒരു സീറ്റും നഷ്ടമായി.
നിലവില്‍ ചെല്ലാനം പഞ്ചായത്ത് യുഡിഎഫ് പിന്തുണയോടെ ട്വന്റി- 20 ആണ് ഭരിക്കുന്നത്. ഈ സാഹചര്യത്തിൽ ട്വന്റി- 20യെ പിന്തുണയ്ക്കുന്നതിൽ നിന്നും യുഡിഎഫ് പിൻമാറുമെന്നാണ് സൂചന.