തൃശ്ശൂര്‍: ഭൂമി അളന്നു നൽകാൻ ആറായിരം രൂപ കൈക്കൂലി വാങ്ങിയ താലൂക്ക് സർവെയറെ കയ്യോടെ പിടികൂടി വിജിലൻസ്. കൈപ്പമംഗലം സ്വദേശി ദിവ്യയുടെ പരാതിയിലാണ് വിജിലൻസ് നടപടി. നാട്ടിക മൂത്തകുന്നം ബീച്ചില്‍ ഭൂമി അളക്കാന്‍ കൈക്കൂലി വാങ്ങുമ്പോഴാണ് വലപ്പാട് സ്വദേശി എം.വി.അനിരുദ്ധനെ വിജിലൻസ് പിടികൂടിയത്.
ചാവക്കാട് താലൂക്ക് സര്‍വെയർ ആണ് എം.വി.അനിരുദ്ധൻ. വിജിലന്‍സ് ഡി.വൈ.എസ്.പി പി.എസ്.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കൈപ്പമംഗലം സ്വദേശി ദിവ്യയുടെ പരാതിയിലാണ് വിജിലൻസ് നടപടിയുണ്ടായത്. മൂത്തക്കുന്നം ബീച്ചിൽ ദിവ്യയുടെ കുടുംബ സ്വത്ത് അളക്കാനാണ് താലൂക്ക് സർവെയർ കൈക്കൂലി ആവശ്യപ്പെട്ടത്. 60 സെൻ്റ് ഭൂമി അളക്കുന്നതിന് 6000 രൂപയാണ് ചോദിച്ചത്.
കഴിഞ്ഞ ജനുവരിയിൽ ഇവരുടെ തന്നെ 85 സ്ഥലം അളക്കുന്നതിന് 8000 രൂപ ഇയാൾ കൈക്കൂലി വാങ്ങിയിരുന്നു. നിലവിൽ ചണ്ഡീഗഡിലാണ് ദിവ്യയും കുടുംബവും. വീട് ഉൾപ്പെടുന്ന രണ്ടാമത്തെ സ്ഥലത്തിന്റെ അളവെടുപ്പ് പല തവണ സർവെയർ മാറ്റിവെച്ചിരുന്നതായി ദിവ്യ വിജിലൻസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. ഇന്ന് വീടിരിക്കുന്ന സ്ഥലം അളക്കാൻ അനിരുദ്ധൻ എത്തിയപ്പോൾ പരാതിക്കാരി ഇക്കാര്യം വിജിലൻസിൽ അറിയിച്ചു. ഇന്ന് രാവിലെ മുതൽ വിജിലൻസ് ഉദ്യോഗസ്ഥർ മഫ്ടിയിൽ സ്ഥലത്തെത്തി നിരീക്ഷണം നടത്തി വരികയായിരുന്നു. വിജിലൻസിലെ ഒരു ഉദ്യോഗസ്ഥൻ സർവെയർക്ക് സഹായിയായിയെന്ന മട്ടിൽ സ്ഥലത്തുണ്ടായിരുന്നു. അളവെടുപ്പ് കഴിഞ്ഞ് മടങ്ങാനിരുന്ന സർവെയർ അനിരുദ്ധന് വിജിലൻസ് ഉദ്യോഗസ്ഥർ നൽകിയ ഫിനോഫ്ത്തലിൻ പുരട്ടി നൽകിയ ആറായിരം രൂപ ദിവ്യ കൈമാറി.
ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ സർവെയറെ കയ്യോടെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ നിരവധി പരാതികൾ ഉള്ളതിനാൽ താലൂക്ക് സർവെയർ അനിരുദ്ധനെ മറ്റൊരിടത്തേക്ക് സ്ഥലം മാറ്റാൻ നേരത്തെ വിജിലൻസ് ഉദ്യോഗസ്ഥർ റവന്യു വകുപ്പിന് ശുപാർശ നൽകിയിരുന്നു. ഇതിനിടെയാണ് കൈക്കൂലി കേസിൽ ഇയാൾ പിടിയിലാകുന്നത്.