ഷാര്‍ജ: യുഎഇയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന കൊലപാതകത്തിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നു. ഇതിന് കാരണക്കാരായവരെ കണ്ടെത്താന്‍ ഷാര്‍ജ പൊലീസ് അന്വേഷണം തുടങ്ങി. സി.സി.ടി.വി ക്യാമറകളില്‍ നിന്ന് ലഭിച്ചതെന്ന് കരുതപ്പെടുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു അറബ് വനിത ഷാര്‍ജയിലെ ഒരു പാര്‍ക്കിങ് ലോട്ടില്‍ വെച്ച് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുറ്റകാരനെന്ന് സംശയിക്കപ്പെടുന്നയാളിനെ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം കൊലപാതകത്തിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
ഉത്തരവാദിത്ത രഹിതമായ ഇത്തരം പ്രവൃത്തികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളുടെ വീഡിയോ ദൃശ്യങ്ങളോ ചിത്രങ്ങളോ പ്രചരിപ്പിക്കുന്നത് കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ മാനസിക നിലയെ ബാധിക്കുന്നതിനൊപ്പം ഇത് സമൂഹത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും പൊലീസ് അറിയിച്ചു.
പാര്‍ക്കിങ് ലോട്ടില്‍ വെച്ച് സ്ത്രീയെ ആക്രമിച്ച കൊലപാതകി ഇവരുടെ വാഹനത്തില്‍ വെച്ച് നിരവധി തവണ കുത്തുകയായിരുന്നു. കുറ്റവാളിയെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ പൊലീസ് മണിക്കൂറുകള്‍ക്കം തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അപകടങ്ങളുടെയോ അല്ലെങ്കില്‍ കുറ്റകൃത്യങ്ങളുടെയോ ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് യുഎഇയിലെ ഫെഡറല്‍ നിയമം അനുസരിച്ച് കുറ്റകരമാണ്.
രാജ്യത്തെ പുതിയ സൈബര്‍ക്രൈം നിയമത്തിലെ 44-ാം വകുപ്പ് അനുസരിച്ച് അപകടങ്ങളുിലെയും ദുരന്തങ്ങളിലെയും ഇരകളെ ചിത്രീകരിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. പരിക്കേറ്റവരുടെയും മരണപ്പെട്ടവരുടെയും ദൃശ്യങ്ങള്‍ ഇങ്ങനെ പ്രചരിപ്പിക്കുന്നതിന് ശിക്ഷ ലഭിക്കും. ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് പൊതുസമൂഹത്തില്‍ ഭീതിയുണ്ടാക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.