പത്രങ്ങളിൽ പരസ്യം നൽകിയോ മാട്രിമോണിയൽ ഏജൻസികളിൽ രജിസ്റ്റർ ചെയ്തോ ബ്രോക്കർമാർ വഴിയോ ഒക്കയാണ് യുവതീയുവാക്കൾ പങ്കാളികളെ തിരയുന്നത്. എന്നാൽ തമിഴ്‍നാട്ടിലെ മധുര സ്വദേശിയായ ഒരു യുവാവ് വധുവിനെ കണ്ടെത്താൻ വ്യത്യസ്തമായ ഒരു വഴിയാണ് നേടിയത്. വധുവിനെ ആവശ്മുണ്ടെന്ന് കാണിച്ച് നഗരത്തിലാകെ പോസ്റ്റർ ഒട്ടിച്ചു. ജഗൻ എന്ന് പേരുള്ള യുവാവ് ഇതോടെ സാമൂഹികമാധ്യമങ്ങളിലാകെ വൈറലായി.
മധുരയിലെ വില്ലുപുരത്തുള്ള ഈ 27 കാരനായ ജഗൻ എഞ്ചിനീയറാണ്. തന്റെ നാട്ടിലാണ് വധുവിനെ ആവശ്യമുണ്ട് എന്ന പോസ്റ്ററുകൾ ജഗൻ പതിച്ചത്. സാധാരണ എല്ലാവരും പിന്തുടരുന്ന രീതികളൊക്കെ നോക്കിയിട്ടും പെണ്ണ് കിട്ടാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു മാർഗം ജഗൻ അവലംബിച്ചത് എന്നാണ് പറയുന്നത്.
പോസ്റ്ററുകളിൽ ജഗന്റെ ഫോട്ടോയും പേര്, ജാതി, ശമ്പളം, തൊഴിൽ, വിലാസം, തനിക്കുള്ള ഭൂമി തുടങ്ങിയ വിശദാംശങ്ങളുമുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി താൻ വധുവിനെ തിരയുന്നുണ്ട്. എന്നാൽ കണ്ടെത്താനായിട്ടില്ല. അങ്ങനെയാണ് പോസ്റ്റർ ഡിസൻ ചെയ്ത് ഒട്ടിച്ചത് എന്നാണ് ജഗൻ പറയുന്നത്. പാർട്ട് ടൈം ഡിസൈനറായി ജോലി നോക്കുന്ന ജഗൻ ഇതുപോലെയുള്ള ഒരുപാട് പോസ്റ്ററുകൾ ഡിസൈൻ ചെയ്യുന്നുണ്ട്. അപ്പോഴാണ് എന്തുകൊണ്ടാണ് തനിക്കായിത്തന്നെ ഇങ്ങനെ ഒരു പോസ്റ്റർ ഡിസൈൻ ചെയ്ത് പെണ്ണന്വേഷിച്ച് കൂടാ എന്ന് ചിന്തിക്കുന്നത്.
എന്നാൽ, പോസ്റ്ററും വിചാരിച്ച പോലെ ജഗനെ സഹായിച്ചില്ല. പെൺകുട്ടികളിൽ നിന്നോ അവരുടെ രക്ഷിതാക്കളിൽ നിന്നോ വിളി വരുമെന്നും പ്രതീക്ഷിച്ച് നിന്ന ജഗന് വന്നതെല്ലാം ബ്രോക്കർമാരിൽ നിന്നുമുള്ള കോളുകളാണ്. മാത്രമല്ല, ഈ പോസ്റ്ററിന്റെ പേരിൽ ഓൺലൈനിൽ ആളുകൾ ജഗനെ കണക്കിന് കളിയാക്കുകയും ചെയ്‍തു. എന്നാൽ, അതൊന്നും താൻ കാര്യമാക്കുന്നില്ല എന്നും അവരുടെ ചെലവിൽ താൻ വൈറലായല്ലോ എന്നുമാണ് ജഗൻ ചോദിക്കുന്നത്.