പുനലൂര്‍: തമിഴ്നാട്ടില്‍ നിന്ന് ആര്യങ്കാവ് വഴി കേരളത്തിലേക്ക് കൊണ്ടുവന്ന പത്ത് ടണ്ണോളം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടി.
മാരകമായ രാസവസ്തുക്കള്‍ കലര്‍ത്തി കടത്തിക്കൊണ്ടുവന്ന10750 കിലോ മത്സ്യമാണ് ‘ഓപറേഷന്‍ മത്സ്യ’യുടെ ഭാഗമായി വെള്ളിയാഴ്ച രാത്രിയില്‍ ആര്യങ്കാവ് ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യസുരക്ഷ വിഭാഗം പിടിച്ചെടുത്തത്.
തമിഴ്നാട്ടിലെ കടലൂരില്‍ നിന്ന് കരുനാഗപ്പള്ളി, ആലംകോട് എന്നിവിടങ്ങളിലെ മൊത്ത വ്യാപാര കേന്ദ്രങ്ങളിലേക്ക് കൊണ്ടുവന്ന മത്സ്യമാണിത്.കഴിഞ്ഞ രാത്രി 11ഓടെ ആരംഭിച്ച പരിശോധന ശനിയാഴ്ച പുലര്‍ച്ച വരെ നീണ്ടു.പിടിച്ചെടുത്ത മത്സ്യം ആര്യങ്കാവ് പഞ്ചായത്തിന്‍റെ സഹായത്തോടെ നശിപ്പിച്ചു.
മത്സ്യം കൊണ്ടുവന്ന വാഹനങ്ങളുടെ ആര്‍.സി ഉടമകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വാഹനങ്ങൾ തെന്മല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇനിയുള്ള ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.