കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. കേരള നിയമസഭയില്‍ അവതരിപ്പിക്കാന്‍ പോകുന്ന സ്വകാര്യബില്ലിനെതിരേ സഭകള്‍ രംഗത്ത്. സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് എല്‍ദോസ് നിയമസഭയില്‍ അവതരിപ്പിക്കാന്‍ പോകുന്ന സ്വകാര്യ ബില്‍ ബാലിശവും ഭരണഘടനാവിരുദ്ധവുമാണെന്നും ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നതാണെന്നും ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി.
ജൂലൈ ഒന്നിന് സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ എല്‍ദോസ് കുന്നപ്പള്ളിക്ക് സ്പീക്കര്‍ അനുമതി നല്‍കിയിരുന്നു. തര്‍ക്കമുള്ള ഓരോ പള്ളിയുടെയും ഭരണം പ്രാദേശികമായി ട്രസ്റ്റുകള്‍ രൂപീകരിച്ച് കൈമാറണം എന്നതാണ് ബില്ലിലെ കാതലായ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം യാക്കോബായ സഭയും സ്വകാര്യ ബില്ലിനെതിരെ രംഗത്തു വന്നിരുന്നു. അതേസമയം യുഡിഎഫ് നേതൃത്വം അനുമതി നല്കിയാല് മാത്രമേ ബില്‍ അവതരിപ്പിക്കൂ എന്ന് കുന്നപ്പള്ളി വ്യക്തമാക്കി.
സഭാതര്‍ക്കത്തിന് പരിഹാരം എന്ന നിലയില്‍ എല്‍ദോസ് അവതരിപ്പിക്കാനിരിക്കുന്ന സ്വകാര്യ ബില്ലുമായി യാക്കോബായ സുറിയാനി സഭയ്ക്ക് ബന്ധമില്ലെന്ന് കഴിഞ്ഞ ദിവസം സഭ വ്യക്തമാക്കിയിരുന്നു.
സഭയുമായോ സഭാ ഭാരവാഹികളുമായോ ആലോചിക്കാതെയാണ് നടപടിയെന്നും യാക്കോബായ സുറിയാനി സഭ പ്രതികരിച്ചു. മറ്റാരുടെയോ സമ്മര്‍ദ്ദത്തിന് വഴങ്ങിയോ, രാഷ്ട്രീയ ലാഭമോ ആണ് ബില്ല് അവതരണത്തിന് പിന്നിലെന്നും സഭ കുറ്റപ്പെടുത്തിയിരുന്നു.