തിരുവനന്തപുരം: തര്‍ക്കങ്ങള്‍ക്കും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്റെ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍. ഇനിമുതല്‍ വോട്ടെടുപ്പ് ഓപ്പണ്‍ ബാലറ്റ് മുഖാന്തരമായിരിക്കും. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തണമെന്നും ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയെ തുടര്‍ന്ന് നടക്കുന്ന വോട്ടിംഗിന് പ്രത്യേക രീതി ചട്ടങ്ങളില്‍ നിഷ്‌കര്‍ഷിച്ചിരുന്നില്ല. ഇത് നിരവധി തര്‍ക്കങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും കാരണമായിരുന്നു.
അതൊഴിവാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ക്കും, ഉപാധ്യക്ഷന്‍മാര്‍ക്കുമെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്‍മേലുള്ള വോട്ടിംഗില്‍ അവലംബിച്ചു വരുന്ന തിരഞ്ഞെടുപ്പ് രീതി തന്നെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ കാര്യത്തിലും സ്വീകരിച്ച് നിയമഭേദഗതി വരുത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ശുപാര്‍ശ പ്രകാരമാണ് സര്‍ക്കാര്‍ നടപടി.
പുതിയ നിയമഭേദഗതിയോടെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പുകളിലുണ്ടാവുന്ന തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. അവിശ്വാസം പാസ്സാകുന്നതിലൂടെ ഉണ്ടാകുന്ന ചെയര്‍മാന്റെ ഒഴിവ് സര്‍ക്കാരിനെയും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെയും, തദ്ദേശ സ്ഥാപനത്തിന്റെ അധ്യക്ഷനെയും സെക്രട്ടറിയെയും യഥാസമയം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ അറിയിക്കേണ്ടതാണെന്നും ഭേദഗതിയിലുണ്ട്.