തളിപ്പറമ്ബ്: കുടുംബകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയ സ്ഥലം രേഖകളിൽ തിരുത്തൽ വരുത്തി മറ്റൊരാൾക്ക് രജിസ്റ്റർ ചെയ്തു നൽകിയ സംഭവത്തിൽ സബ് രജിസ്ട്രാറും വില്ലേജ് ഓഫീസറും ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ.കോടതിയുടെ നിര്‍ദേശപ്രകാരം തളിപ്പറമ്ബ് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പടപ്പേങ്ങാട്ടെ ഓല്യന്റകത്ത് എം.ഹാജിറയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ കോടതി നിർദ്ദേശിച്ചത്. പടപ്പേങ്ങാട്ടെ ഓല്യന്റകത്ത് വീട്ടില്‍ അഷറഫ്(37), പടപ്പേങ്ങാട്ടെ ചപ്പന്റകത്ത് പുതിയപുരയില്‍ മുഹമ്മദ് റാഷിദ്(28), തളിപ്പറമ്ബ് സബ് റജിസ്ട്രാര്‍ കെ.ഒ.പി.ശ്യാമള, കുവേരി വില്ലേജ് ഓഫീസറായിരുന്ന കെ.മോഹന്‍കുമാര്‍ എന്നിവരുടെ പേരിലാണ് വിവിധ വകുപ്പുകള്‍ പ്രകാരം തളിപ്പറമ്ബ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഹാജിറ കുടുംബക്കോടതിയില്‍ നല്കിയ ഹരജിപ്രകാരം അഷറഫിന്റെ പേരിലുള്ള പന്ത്രണ്ടര സെന്റ് ഭൂമി ജപ്തി ചെയ്തിരുന്നു. എന്നാല്‍ സബ് റജിസ്ട്രാറുടെയും വില്ലേജ് ഓഫീസറുടെയും സഹായത്തോടെ രേഖകളില്‍ കൃത്രിമം നടത്തി സ്ഥലം മുഹമ്മദ് റാഷിദിന് വില്‍പ്പന നടത്തുകയായിരുന്നു.