KeralaNEWS

തൃക്കാക്കര തോല്‍വി അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ച് സി.പി.എം.

തിരുവനന്തപുരം: നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം പരിശോധിക്കാന്‍ സിപിഎം കമ്മീഷനെ നിയോഗിച്ചു. എ കെ ബാലനും ടിപി രാമകൃഷ്ണനും ആണ് കമ്മീഷനംഗങ്ങള്‍. വോട്ട് ചോര്‍ച്ചയടക്കമുള്ള കാര്യങ്ങളും സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളും രണ്ടംഗ കമ്മീഷന്‍ അന്വേഷിക്കുമെന്നാണ് സൂചന.

ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണം നടത്തിയിട്ടും വലിയ തോല്‍വിയേറ്റു വാങ്ങേണ്ടി വന്ന സാഹചര്യമാണ് പാര്‍ട്ടി പരിശോധിക്കുന്നത്. പരാജയം പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ കമ്മീഷന്‍ നിയമിക്കണോയെന്ന കാര്യത്തില്‍ സംസ്ഥാന സമിതിയില്‍ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനമായത്. എല്‍ഡിഎഫിന്റെ മുന്‍മന്ത്രിമാരും എംഎല്‍എമാരും അടക്കം വന്‍ സന്നാഹം തന്നെ ഇറങ്ങി പ്രചാരണം നടത്തിയിട്ടും അതിനൊത്ത വോട്ടുകള്‍ തൃക്കാക്കരയില്‍ ലഭിച്ചില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Signature-ad

ഒപ്പം സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും പരിശോധിക്കും. തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയായി ആദ്യം കെ.എസ്. അരുണ്‍കുമാറിന്റെ പേരാണ് പുറത്തുവന്നത്. ഇത് ഏറെ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. പിന്നീടാണ് ജോ ജോസഫിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്.

എറണാകുളം ജില്ലയില്‍ വിഭാഗീയത തുടരുന്നതിന്റെ ലക്ഷണമാണ് ഇതെന്നാണ് സിപിഎം സംസ്ഥാനസമിതിയില്‍ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടംഗകമ്മിഷനെ സിപിഎം സംസ്ഥാന സമിതി നിയോഗിച്ചത്.

Back to top button
error: