ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ഇ.ഡ. കരുതിക്കൂട്ടി ദ്രോഹിക്കുകയാണെന്നാരോപിച്ച് ദില്ലിയില്‍ ഇഡി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറിച്ചിട്ട് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
രാഹുല്‍ ഗാന്ധിയെ അഞ്ചാം ദിവസം ചോദ്യം ചെയ്യുമ്പോള്‍ ഇഡി നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തുകയാണ് കോണ്‍ഗ്രസ്. നാല് ദിവസങ്ങളിലായി 40 മണിക്കൂറിലധികം. അഞ്ചാം ദിവസം വീണ്ടും ചോദ്യം ചെയ്യല്‍ തുടരുന്നു. ഇ ഡി നടപടിയില്‍ കോണ്‍ഗ്രസ് കടുത്ത അമര്‍ഷത്തിലാണ്. അന്‍പത് മണിക്കൂറോളമെടുത്തിട്ടും ഇഡിയുടെ ചോദ്യങ്ങള്‍ അവസാനിക്കാത്തത് എന്തുകൊണ്ടാണെന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം.
പണമിടപാട് നടത്താതെ കള്ളപ്പണം വെളിപ്പിച്ചുവെന്ന് എങ്ങിനെ തെളിയിക്കാനാകുമെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. അഭിഭാഷക ജീവിതത്തില്‍ ഇതുവരെയും ഇത്രയും നീണ്ട ചോദ്യം ചെയ്യല്‍ കണ്ടിട്ടില്ലെന്നാണ് പാര്‍ട്ടി കേസുകള്‍ കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിംഗ് വി വ്യക്തമാക്കിയത്. 2105 ല്‍ വീണ്ടും അന്വേഷണം തുടങ്ങിയ കേസില്‍ ഇതുവരെയും എഫഐആര്‍ ഇട്ടിട്ടില്ല.
അഗ്‌നിപഥ് അടക്കം കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലാകുന്ന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് രാഹുല്‍ ഗാന്ധിയെ കരുവാക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. അതേസമയം നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധി വ്യാഴാഴ്ച്ച ഇഡിക്ക് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകില്ല. ഡോക്ടര്‍മാര്‍ രണ്ടാഴ്ച്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണിത്. ഇതോടെ സമയം നീട്ടി വാങ്ങാനാണ് തീരുമാനം.