KeralaNEWS

ഉല്ലാസയാത്ര വിലാപയാത്രയാകുന്നു; ഹൗസ് ബോട്ട് അപകടങ്ങള്‍ തുടർക്കഥ, പത്തുദിവസത്തിനിടെ നഷ്ടമായത് മൂന്ന് ജീവനുകള്‍

ആലപ്പുഴ: വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ട് അപകടങ്ങള്‍ തുടരുന്നു. പത്ത് ദിവസത്തിനിടെ നഷ്ടമായത് മൂന്ന് ജീവനുകള്‍. പുന്നമട കിടക്കേക്കരയില്‍ കഴിഞ്ഞ ഞായറാഴ്ച ഹൗസ്‌ബോട്ടില്‍ നിന്ന് സഞ്ചാരി കാല്‍വഴുതി വീണു മരിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട ഹൗസ്‌ബോട്ടിന് ഫിറ്റ്‌നസ് ഇല്ലായിരുന്നുവെന്ന് കണ്ടെത്തി. ഫിറ്റ്‌നസ് ഇല്ലാതെയാണ് ഈ ബോട്ട് സര്‍വീസ് നടത്തിയതെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്നും ആലപ്പുഴ നോര്‍ത്ത് പോലീസിന് ടൂറിസം പോലീസ് റിപ്പോര്‍ട്ട് നല്‍കി.

മരിച്ച പ്രദീപ് ബി.നായരും സംഘവും സഞ്ചരിച്ച ഹൗസ് ബോട്ട് രണ്ടുപേര്‍ ചേര്‍ന്ന് എടുത്തതാണെന്നും നിലവില്‍ ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും 2021ന് ശേഷം ഫിറ്റ്‌നസ് ഇല്ലാതെയാണ് സര്‍വീസ് നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഹൗസ് ബോട്ടുകളില്‍ സുരക്ഷക്കായി അഞ്ച് ജീവനക്കാര്‍ വേണ്ടിടത്ത് രണ്ടുപേര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബോയകളും ലൈഫ് ജാക്കറ്റുകളും ഉപയോഗിച്ചിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ദുരന്തവിവരം അറിയിക്കുന്നതില്‍ ജീവനക്കാര്‍ വീഴ്ച വരുത്തിയെന്ന വിമര്‍ശനവുമുണ്ട്. അപകടത്തെ തുടര്‍ന്ന് സമീപത്ത് നങ്കൂരമിട്ടിരുന്ന ബോട്ടിലെ തമിഴ്‌നാട് സ്വദേശിയാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചത്.

Signature-ad

കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് ടൂറിസം പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചത്. 40 മിനിറ്റ് വൈകിയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെ എത്തിപ്പെടാന്‍ സാധിച്ചത്. അപകട വിവരം ബന്ധപെട്ടവരെ അറിയിക്കാതെ ബോട്ടിലെ ജീവനക്കാര്‍ സ്ഥലം വിട്ടതായും ആക്ഷേപമുണ്ട്. അടുത്തിടെ പള്ളാത്തുരുത്തി കന്നിട്ട ജെട്ടിയില്‍ ഹൗസ്‌ബോട്ടില്‍ നിന്ന് സഞ്ചാരികളുടെ ബാഗ് എടുക്കാന്‍ എത്തിയാള്‍ വള്ളത്തില്‍ കുടുങ്ങിയ സംഭവത്തിലും വിവരം യഥാസമയം പോലീസിന് കൈമാറുന്നതില്‍ ജീവനക്കാര്‍ വീഴ്ച വരുത്തിയിരുന്നു. ഒരാള്‍ വള്ളത്തില്‍ കുടുങ്ങികിടക്കുന്ന വിവരം സമീപവാസിയാണ് സ്ഥലത്ത് എത്തിയ ടൂറിസം പോലീസിനോട് പറഞ്ഞത്. ഇയാള്‍ മരണമടയുകയും ചെയ്തു. രാത്രികാലങ്ങളില്‍ ഹൗസ് ബോട്ട് ജീവനക്കാരില്‍ പലരും മദ്യ ലഹരിയിലാണെന്ന സംശയവുമേറിയിട്ടുണ്ട്.

Back to top button
error: