റിയാദ്: വിദേശികള്‍ക്ക് സൗദി അറേബ്യയിൽ നിന്ന് പുറത്തുപോയി തിരിച്ചു വരാനുള്ള റീ-എന്‍ട്രി വിസ ലഭിക്കാന്‍ പാസ്പോര്‍ട്ടുകളില്‍ 90 ദിവസത്തില്‍ കുറയാത്ത കാലാവധിയുണ്ടാവണമെന്ന് സൗദി പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) വ്യക്തമാക്കി.
റീ-എന്‍ട്രി വിസാ കാലാവധി മാസങ്ങളിലാണ് (60 ദിവസം, 90 ദിവസം, 120 ദിവസം) നിര്ണയിക്കുന്നതെങ്കില് ഇഷ്യു ചെയ്യുന്ന ദിവസം മുതല്‍ മൂന്നു മാസമാണ് വിസയുടെ കാലാവധി. അതായത്, വിസ ഇഷ്യു ചെയ്ത് മൂന്നു മാസത്തിനുള്ളില്‍ ഇവര്‍ സൗദി വിട്ടാല്‍ മതി. ഇത്തരം സാഹചര്യങ്ങളില്‍ വിസാ കാലാവധി യാത്രാ ദിവസം മുതലാണ് കണക്കാക്കുക. എന്നാല്‍ റീ-എന്‍ട്രി വിസാ കാലാവധി ദിവസങ്ങളിലാണ് നിര്‍ണയിക്കുന്നതെങ്കിലും പ്രത്യേകം നിശ്ചയിച്ച ദിവസത്തിനു മുമ്പ് തിരികെ പ്രവേശിക്കണമെന്നാണ് നിര്‍ണയിക്കുന്നതെങ്കിലും ഇഷ്യു ചെയ്യുന്ന ദിവസം മുതലാണ് വിസാ കാലാവധി കണക്കാക്കുക.
പരമാധി രണ്ടു മാസം വരെ കാലാവധിയുള്ള, ഒറ്റത്തവണ യാത്രക്കുള്ള റീ-എന്‍ട്രി വിസക്ക് 200 റിയാലാണ് ഫീസ്. ഇഖാമ കാലാവധി പരിധിയില്‍, റീ-എന്‍ട്രിയില്‍ അധികം വേണ്ട ഓരോ മാസത്തിനും 100 റിയാല്‍ വീതം അധിക ഫീസ് നല്‍കണം. പരമാവധി മൂന്നു മാസ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ റീ-എന്‍ട്രിക്ക് 500 റിയാലാണ് ഫീസ്. ഇഖാമ കാലാവധി പരിധിയില്‍, മള്‍ട്ടിപ്പിള്‍ റീ-എന്‍ട്രിയില്‍ അധികം വേണ്ട ഓരോ മാസത്തിനും 200 റിയാല്‍ വീതം അധിക ഫീസ് നല്‍കണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.