NEWS

പൊട്ടിക്കിടന്ന വൈദ്യുതക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് 44 കാരന് ദാരുണാന്ത്യം

പാങ്ങോട്: പൊട്ടിക്കിടന്ന വൈദ്യുതക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് 44 കാരന് ദാരുണാന്ത്യം.മൈലമൂട് കൊച്ചാനക്കല്ലുവിള അഞ്ജന ഹൗസിൽ അജിമോൻ ആണ് മരിച്ചത്. ഇയാളുടെ അമ്മ ശ്യാമള(60) ഈ കഴിഞ്ഞ ആറാം തീയതിയാണ് മരിച്ചത്. അമ്മ മരിച്ച് ഒരു മാസം തികയും മുൻപേയുള്ള അജിമോന്റെ വിയോഗം വീടിനെയും നൊമ്പരത്തിലാക്കി.
വ്യാഴാഴ്ച രാത്രി ഏഴിന് വീട്ടിൽ നിന്നും കടയിലേക്ക് പോയ അജിമോൻ മടങ്ങിവന്നിരുന്നില്ല.വെള്ളിയാഴ്ച പുലർച്ചെ വഴിയാത്രക്കാരനാണ് ഇയാൾ നടവരമ്പിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.അടുത്ത് വൈദ്യുതക്കമ്പി പൊട്ടിക്കിടക്കുന്നതുകണ്ട് സമീപവാസികളെ വിളിച്ചുണർത്തി വിവരം അറിയിച്ചു.തുടർന്ന് നാട്ടുകാർ പാങ്ങോട് പോലീസിലും കല്ലറ കെ.എസ്.ഇ.ബി.യിലും വിവരം അറിയിക്കുകയായിരുന്നു.
കടയിൽ നിന്നും രാത്രി 10 മണിയോടെ മടങ്ങിവരുന്നതിനിടയിൽ നടവരമ്പിൽ പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽ അറിയാതെ ചവിട്ടിയപ്പോൾ ഷോക്കേറ്റായിരുന്നു മരണം.
ഇതിനു പുറമെ, വൈദ്യുതക്കമ്പി കിടന്ന തോട്ടിൽ മരപ്പട്ടിയെയും ചത്തനിലയിൽ കണ്ടെത്തിയിട്ടുണ്ട്.കെ.എസ്.ഇ.ബി. അധികൃതരും പോലീസുംകൂടി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു മാറ്റി. ഭാര്യ: ഷീജ. മക്കൾ: പൊന്നൂസ്, അഞ്ജന, അഞ്ജിത.

Back to top button
error: