NEWS

മികച്ച വരുമാനത്തിന് ചൈത്ര താറാവുകൾ

10 വർഷത്തെ ഗവേഷണത്തിന് ഫലമായി
കുട്ടനാടൻ താറാവുകളിൽനിന്ന് പ്രത്യേക ഇറച്ചിത്താറാവുകളെ വികസിപ്പിച്ചെടുത്തതാണ് ചൈത്രം എന്ന് പേരിട്ടിരിക്കുന്ന പുതിയ ഇനം താറാവുകൾ
 
 
ആലപ്പുഴ: കേരളത്തിലേ താറാവുകളുടെ ഇടയിലേക്ക് പുതിയ ഒരിനംകൂടി, ചൈത്ര. ഇറച്ചിക്കായി വിഗോവ ഇനം താറാവുകളുണ്ടെങ്കിലും ഏറ്റവും കൂടുതൽ ഉപയോഗിച്ചുവന്നിരുന്നത് മുട്ടയിട്ടു കഴിഞ്ഞ ചാര, ചെമ്പല്ലി തുടങ്ങിയ കുട്ടനാടൻ താറാവുകളെയായിരുന്നു. ഈ ഗണത്തിലേക്കാണ് ചൈത്രയുടെ വരവ്. ലക്ഷ്യം മാംസോൽപാദനം.
കേരളത്തിന്റെ തനതു താറാവ് ജനുസായ കുട്ടനാടൻ താറാവുകളിൽ നിന്നും ഇറച്ചിയാവശ്യത്തിന് മാത്രമായി ഉരുത്തിരിച്ചെടുത്ത താറാവിനമാണ് ചൈത്ര താറാവുകൾ. കുട്ടനാടൻ താറാവിനങ്ങളായ ചാര, ചെമ്പല്ലി എന്നിവയെ പ്രധാനമായും മുട്ടയ്ക്കായി ഉപയോഗിച്ചു വരുന്നു. നിലവിൽ മുട്ട ഉൽപാദനം കഴിഞ്ഞ പിടത്താറാവുകളെയും പൂവൻ താറാവുകളെയുമാണ് ഇറച്ചിക്കായി ഉപയോഗിക്കുന്നത്.
വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തിയിലുള്ള പൗൾട്രി സയൻസ് ഉന്നത പഠന കേന്ദ്രത്തിൽ നടന്ന പ്രാരംഭ പഠനങ്ങൾ പ്രകാരം ഇറച്ചി ആവശ്യത്തിനായി വികസിപ്പിച്ചെടുക്കുന്നതിന് ആവശ്യമായ ജനിതക ശേഷി കുട്ടനാടൻ താറാവുകൾക്കുണ്ടെന്ന് തെളിയിക്കപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2012ൽ യൂണിവേഴ്സിറ്റി പൗൾട്രി & ഡക്ക് ഫാം മണ്ണുത്തിയിൽ ഇതിനു വേണ്ട ഗവേഷണപ്രവർത്തനങ്ങൾ ആരംഭിച്ചു. പിന്നീട് ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജിയുടെ സാമ്പത്തിക സഹായത്തോടെ ഈ പഠനങ്ങൾ തിരുവിഴാംകുന്ന് വളർത്തു പക്ഷി ഗവേഷണകേന്ദ്രത്തിൽ തുടർന്നു.
ചാര, ചെമ്പല്ലി ഇനം താറാവുകളെ അപേക്ഷിച്ച് എട്ടാഴ്ച പ്രായത്തിൽ അവയേക്കാൾ 300 ഗ്രാം അധികം തൂക്കത്തിൽ ചൈത്ര എത്തും. ഇറച്ചിക്കോഴി തീറ്റ കൊടുത്ത് വളർത്തുമ്പോൾ എട്ടാമത്തെ ആഴ്ച 1300 മുതൽ 1500 ഗ്രാം വരെ ശരീരഭാരം കൈവരിക്കുന്നു. കൂട്ടിലിട്ടും, അടുക്കളമുറ്റത്ത്  അഴിച്ചുവിട്ടു വളർത്താനും സാധിക്കുന്ന ഇവ കേരളത്തിലെ കാലാവസ്ഥയ്ക്ക് കൂടുതൽ അനുയോജ്യവും മെച്ചപ്പെട്ട രോഗപ്രതിരോധശേഷിയുള്ളവയുമാണ്.

Back to top button
error: