ഹിന്ദുജ ഗ്രൂപ്പിന്റെ വൈദ്യുതവാഹന വിഭാഗമായ സ്വിച്ച് മൊബിലിറ്റി ഇന്ത്യയില്‍ പുതുതലമുറ ഇലക്ട്രിക് ബസുകള്‍ പുറത്തിറക്കി. സ്വിച്ച് ഇ.ഐ.വി. 12 ലോഫ്ളോര്‍, സ്വിച്ച് ഇ.ഐ.വി. 12 സ്റ്റാന്‍ഡേര്‍ഡ് എന്നീ മോഡലുകളിലിറങ്ങുന്ന വൈദ്യുതബസുകള്‍ ഗതാഗത മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
വാണിജ്യവാഹന മേഖലയില്‍ ഹിന്ദുജ ഗ്രൂപ്പിനും അശോക് ലെയ്ലന്‍ഡിനുമുള്ള പ്രവര്‍ത്തന പരിചയം കൈമുതലാക്കിയാണ് സ്വിച്ച് മൊബിലിറ്റി പുതിയ വാഹനങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് ചെയര്മാന് ധീരജ് ഹിന്ദുജ പറഞ്ഞു. ലെയ്ലാൻഡ് വാഹനങ്ങളുടെ ഉടമസ്ഥരായ ഹിന്ദുജ ഗ്രൂപ്പിന്റെ ഇലക്ട്രിക് വിഭാഗമാണ് സ്വിച്ച് മൊബിലിറ്റി
ഒറ്റത്തവണ ചാര്‍ജുചെയ്താല്‍ 300 കിലോ മീറ്റര്‍ മുതല്‍ 500 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് ബസുകള്‍. നഗരസവാരിയ്ക്കും സ്കൂളുകള്‍ക്കും അനുയോജ്യമാണിവ. ഏറ്റവും പുതിയ ലിഥിയം അയോണ്‍ എന്‍.എം.സി. ബാറ്ററികളാണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത്.
600 ബസിനുള്ള ഓര്‍ഡര്‍ ഇപ്പോള്‍ത്തന്നെ കിട്ടിക്കഴിഞ്ഞു. സ്വിച്ച് ഇ.ഐ.വി. 12 ബസുകള്‍ വാങ്ങുന്നത് സംബന്ധിച്ച് തമിഴ്നാട് ഉള്‍പ്പെടെ വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടന്നുവരികയാണെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു.