KeralaNEWS

ഫയല്‍ തീര്‍പ്പാക്കൽ സേവനത്തിന്റെ അവിഭാജ്യഘടകം,. ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞങ്ങള്‍ ഇനിയും ആവശ്യമായി വരരുത് :ജീവനക്കാരോട് മുഖ്യമന്ത്രി

ഫയലുകളിലെ തീരുമാനം നീതിപൂര്‍വ്വവും സുതാര്യവും വേഗത്തിലും ആകണം

സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രധാന ദൗത്യമാണ് സര്‍ക്കാര്‍ ജീവനക്കാരില്‍ നിക്ഷിപ്തമായിരിക്കുന്നത്. ഭരണ നിര്‍വ്വഹണം ജനോപകാരപ്രദവും ജനങ്ങളോട് സൗഹൃദം പുലര്‍ത്തുന്നതുമാക്കാന്‍ കാര്യക്ഷമവും അഴിമതിരഹിതവുമായ ഒരു സിവില്‍ സര്‍വ്വീസ് അത്യന്താപേക്ഷിതമാണ്.

ചരിത്രപരമായി പരിശോധിച്ചാല്‍ നമ്മുടെ സിവില്‍ സര്‍വ്വീസ് ജനാധിപത്യപൂര്‍വ്വ കാലഘട്ടത്തിലാണ് രൂപീകൃതമായത്. കാലാനുസൃതമായി നമ്മുടെ സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കില്‍ സമഗ്രമായ പുനര്‍നിര്‍വ്വചനം ആവശ്യമാണെന്ന് തോന്നുകയും അതിനാല്‍ കേരള സംസ്ഥാന രൂപീകരണത്തിനുശേഷം നാളിതുവരെ നാല് ഭരണപരിഷ്‌കാര കമ്മീഷനുകളെ നിയമിക്കുകയും അവ സമഗ്രപഠനത്തിനുശേഷം വിശദമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

Signature-ad

ആസൂത്രണ പ്രക്രിയയും ഭരണ നിര്‍വ്വഹണവും ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന്റെ ഭാഗമായി സമഗ്രമായ അധികാരവികേന്ദ്രീകരണം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. അതിന്റെ നേട്ടങ്ങള്‍ നാം കാണുന്നുമുണ്ട്. സിവില്‍ സര്‍വ്വീസിന് പുതിയ ഊര്‍ജ്ജം പകരുവാനായി കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് (കെ.എ.എസ്) രൂപീകരിക്കുകയും അതിലേക്ക് ആദ്യ ബാച്ചിന്റെ നിയമനം പൂര്‍ത്തിയാവുകയും ചെയ്തിട്ടുണ്ട്.

ഇത്തരത്തിലുള്ള മാറ്റങ്ങളൊക്കെ നടന്നിട്ടും നമ്മുടെ സിവില്‍ സര്‍വ്വീസിലും അതിന്റെ സമീപനത്തിലും അതിനനുസൃതമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം വസ്തുനിഷ്ഠമായിത്തന്നെ നിങ്ങള്‍ ഓരോരുത്തരും പരിശോധിക്കേണ്ടതുണ്ട്.

ഈ പരിശോധനയുടെ ഭാഗമായി നിങ്ങളുടെ മുന്നില്‍ വരുന്ന ഫയലുകളും നിവേദനങ്ങളും കൈകാര്യം ചെയ്യുന്നതില്‍ സ്വീകരിക്കേണ്ട സമീപനം എങ്ങനെ ആയിരിക്കണമെന്നുകൂടി വ്യക്തമായി കാണേണ്ടതുണ്ട്.

സംസ്ഥാനത്തിലെ ഭരണ മികവ്

ഈ ആഴ്ച പുറത്തിറങ്ങിയ, കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ഇ-ഗവേണന്‍സ് സേവന റിപ്പോര്‍ട്ട് പ്രകാരം നമ്മുടെ സംസ്ഥാനം ഒന്നാം സ്ഥാനത്താണ് എന്ന സന്തോഷകരമായ വാര്‍ത്ത നിങ്ങള്‍ ഇതിനകം അറിഞ്ഞിരിക്കുമല്ലോ. സംസ്ഥാന സര്‍ക്കാര്‍ പോര്‍ട്ടലുകളുടെ കാര്യക്ഷമതയിലും കേരളം ഒന്നാമതാണ്. വിവരസാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സര്‍ക്കാര്‍ സേവനങ്ങളുടെ കൂടുതല്‍ മെച്ചപ്പെട്ട നിര്‍വ്വഹണം സാദ്ധ്യമാക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ഈ നേട്ടം സംസ്ഥാന സര്‍ക്കാരിനെ തേടിയെത്തിയത്. നിങ്ങളുടെ പരിശ്രമഫലത്തിനുള്ള അംഗീകാരമാണിത്. ഇതിലുള്ള സന്തോഷം നിങ്ങളുമായി ഈ ഘട്ടത്തില്‍ പങ്കുവയ്ക്കട്ടെ.

*സിവില്‍ സര്‍വ്വീസിന്റെ പ്രാധാന്യം*

സര്‍ക്കാര്‍ നയപരിപാടികള്‍ നടപ്പാക്കുന്നത് ജീവനക്കാരിലൂടെയാണ്. കാര്യക്ഷമവും ശുഷ്‌കാന്തിയുള്ളതുമായ സിവില്‍ സര്‍വ്വീസ് ഏതൊരു ഭരണത്തിന്റെയും പ്രതിച്ഛായ നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നു. നിങ്ങളുടെ പ്രവൃത്തികളാണ് ജനങ്ങളുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനം.

ജനങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലുകളിലെ തീരുമാനം നീതിപൂര്‍വ്വവും സുതാര്യവും വേഗത്തിലും ആക്കേണ്ടതുണ്ട്. കോവിഡിന്റെ പ്രത്യാഘാതം സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ഗണ്യമായ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ സാധാരണ നിലയിലേക്ക് നാം തിരിച്ചുവരികയാണ്. ഈ ഘട്ടത്തിലാണ് ഫയല്‍ തീര്‍പ്പാക്കല്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ഇന്നു മുതല്‍ (ജൂണ്‍ 15) സെപ്റ്റംബര്‍ 30 വരെ തീവ്രയജ്ഞ പരിപാടിയായാണ് ഇത് നടപ്പിലാക്കുന്നത്. ഇക്കാര്യത്തില്‍ എല്ലാ തലത്തിലുമുള്ള ഉദ്യോഗസ്ഥരുടെയും സര്‍വ്വീസ് സംഘടനകളുടെയും സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുകയാണ്.

നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലുകളില്‍ ഭൂരിഭാഗവും ഇ-ഓഫീസ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ, ജീവനക്കാരുടെ സഹകരണമുണ്ടായാല്‍ ഇത് നടപ്പാക്കാനാവും.

ഫയല്‍ തീര്‍പ്പാക്കല്‍ പരിപാടി

സെക്രട്ടേറിയറ്റ് മുതല്‍ വില്ലേജ് ഓഫീസ് വരെയുള്ള മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും അതത് ഓഫീസ് മേധാവിമാരുടെ ചുമതലയില്‍ ഫയല്‍ തീര്‍പ്പാക്കല്‍ ഫലപ്രദമായി നടക്കണം. പ്രാദേശികമായ ഓഫീസുകളുടെ പ്രവര്‍ത്തന പുരോഗതി ജില്ല-റീജിയണല്‍ ഓഫീസുകള്‍ വിലയിരുത്തണം. വകുപ്പിന്റെ മൊത്തത്തിലുള്ള പുരോഗതി വകുപ്പ് മേധാവി ഓരോ ഇടവേളകള്‍ നിശ്ചയിച്ച് വിലയിരുത്തണം. സെക്രട്ടേറിയറ്റിലെ തീര്‍പ്പാക്കലിന്റെ ചുമതല ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ക്കായിരിക്കും. സംസ്ഥാനതലത്തില്‍ എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടം ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനായിരിക്കും. ഇക്കാര്യം ചീഫ് സെക്രട്ടറിയും വകുപ്പ് മന്ത്രിമാരും മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് അവലോകനം ചെയ്യും. മന്ത്രിസഭയില്‍ ഇത് വിലയിരുത്തും. സര്‍ക്കാര്‍ ഇതിനെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. വീഴ്ച വരുത്താതിരിക്കണം, ഗൗരവമായി വിജയിപ്പിക്കുന്നതിന് ശ്രദ്ധിക്കണം.

വകുപ്പുതലത്തിലുള്ള തീര്‍പ്പാക്കലിനോടൊപ്പം, ജില്ലാതലത്തിലും ഇതിന് മേല്‍നോട്ട സംവിധാനമുണ്ടാകും. എല്ലാ വകുപ്പുകളിലെയും പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുന്നുണ്ടോ എന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ല/ റീജിയണല്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധിക്കും. ഓരോ ജില്ലയ്ക്കും മന്ത്രിമാര്‍ക്ക് ചുമതലയുണ്ടാകും. ചുരുക്കിപ്പറഞ്ഞാല്‍, ജില്ലാതല അവലോകനവും വകുപ്പുതല അവലോകനവും സംസ്ഥാനതല അവലോകനവും ഇതിന്റെ ഭാഗമായുണ്ടാകും.

ഫയലുകള്‍ യാന്ത്രികമായി തീര്‍പ്പാക്കുന്ന സ്ഥിതി ഉണ്ടാവരുത്. ഓരോ ഓഫീസിലും നിലവിലുള്ള പെന്റിംഗ് ഫയലുകളുടെ എണ്ണം ആദ്യം തയ്യാറാക്കണം. ഓരോ മാസവും കൂട്ടിച്ചേര്‍ക്കുന്ന ഫയലുകളുടെ എണ്ണവും തീര്‍പ്പാക്കുന്ന ഫയലുകളുടെ എണ്ണവും കണക്കെടുത്ത് ഓരോ മാസവും വിലയിരുത്തണം. ഇതിനായി, ഒരു പദ്ധതിയും ആക്ഷന്‍ പ്ലാനും ഉള്‍പ്പെടെ തയ്യാറാക്കി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് 04.06.2022 ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് എല്ലാ ഓഫീസുകളും കൃത്യമായി പാലിക്കണം.

നിലവിലുള്ള ചട്ടങ്ങളുടെയോ നടപടിക്രമങ്ങളുടെയോ സങ്കീര്‍ണ്ണത കാരണം ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കാലതാമസമോ തടസ്സമോ ഉണ്ടാകുന്നുണ്ടെങ്കില്‍ അവ വകുപ്പുതലത്തില്‍ തയ്യാറാക്കി സമാഹരിച്ച് ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തണം. ഭരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ ഭാഗത്തുനിന്നും ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഉരുത്തിരിഞ്ഞുവരുന്നത് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. ജനങ്ങള്‍ക്ക് സേവനം വേഗത്തില്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഒരു മാസത്തില്‍ ഒരു അവധി ദിവസം പൂര്‍ണ്ണമായി ഫയല്‍ തീര്‍പ്പാക്കലിനായി മാറ്റിവയ്ക്കുന്നതും ഗൗരവമായി ആലോചിക്കാവുന്നതാണ്.

ജീവനക്കാരുടെ വിന്യാസവും ജോലിഭാരവും

സര്‍ക്കാര്‍ സംവിധാനം മുഴുവനായി എടുത്താല്‍ ജീവനക്കാരുടെ എണ്ണം ആവശ്യത്തിനുണ്ട് എന്നാണ് കാണുന്നത്. ചില സീറ്റുകളില്‍ ജോലി കൂടുതലും ചില സീറ്റുകളില്‍ ജോലി കുറവുമുള്ള അവസ്ഥയുണ്ട്. ഇങ്ങനെയൊരു അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇത് വകുപ്പുതലത്തില്‍ പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തേണ്ടതുണ്ട്. സെക്രട്ടേറിയറ്റില്‍ പൊതുഭരണ വകുപ്പ് ഇത്തരമൊരു പഠനം നടത്തി നടപടി സ്വീകരിച്ചിട്ടുണ്ട്. ധനകാര്യവകുപ്പിലും നിയമവകുപ്പിലും ഇത്തരത്തിലൊരു പഠനം നടന്നുവരികയാണ്. ഇത് എല്ലാ വകുപ്പുതലത്തിലും നടപ്പാക്കേണ്ടതുണ്ട്. സര്‍വ്വീസിന് ആവശ്യമായ തസ്തികകള്‍ കൂട്ടുന്നതിനും അനിവാര്യമല്ലാത്ത തസ്തികകള്‍ കുറവു വരുത്തി ക്രമീകരിക്കുന്നതിനും ഇത് സഹായിക്കും. ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്നുള്ളത് സര്‍ക്കാരിന്റെ നയമല്ല.

 

Back to top button
error: