നീണ്ട 10 ദിവസം തുടർച്ചയായി പുറകോട്ടു പോയ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഹരികൾ ഒടുക്കം നേട്ടത്തിലേക്ക്. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ 2 ശതമാനം നേട്ടത്തിലാണ് എൽഐസി ഓഹരികൾ ക്ലോസ് ചെയ്തത്. കഴിഞ്ഞ ദിവസം 668.25 രൂപയായിരുന്നു വ്യാപാരം അവസാനിക്കുമ്പോൾ എൽഐസിയുടെ വില. ഇന്നലെ ഒരു ഘട്ടത്തിൽ 684 വരെ ഓഹരി വില ഉയർന്നു.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 2022 മെയ് 30ന് 837.75 രൂപയായിരുന്നു എൽഐസി ഓഹരികളുടെ വില. മെയ് 17നാണ് ഓഹരി വിപണിയിൽ എൽഐസി ലിസ്റ്റ് ചെയ്യപ്പെട്ടത്. 21,000 കോടി രൂപയുടെ ഇനീഷ്യൽ പബ്ലിക് ഓഫറിങ് കഴിഞ്ഞായിരുന്നു ഇത്. ലിസ്റ്റിനു ശേഷം ഇതുവരെ നിക്ഷേപകരുടെ 1.7 ലക്ഷം കോടിയാണ് മാഞ്ഞു പോയത്. 949 രൂപയായിരുന്നു എൽഐസി ഓഹരികളുടെ ഐപിഓ യിലെ പരമാവധി വില. ഇത് കണക്കാക്കുമ്പോൾ ലിസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം 28 ശതമാനമാണ് എൽഐസി ഓഹരികൾ താഴോട്ട് പോയത്.
എൽഐസി മാത്രമല്ല വിപണിയിൽ ഇടിവ് നേരിടുന്ന ലൈഫ് ഇൻഷുറൻസ് കമ്പനി. എസ് ബി ഐ ലൈഫ് ഓഹരിമൂല്യം ആറ് ശതമാനമാണ് ഇടിഞ്ഞത്. എച്ച്ഡിഎഫ്സി ലൈഫ് 11% ഇടിഞ്ഞു. ഐസിഐസിഐ പ്രഡൻഷ്യൽ ലൈഫ് 5 ശതമാനം ഇടിവ് നേരിട്ടപ്പോൾ മാക്സ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് 17% താഴേക്ക് പോയി.
ഇപ്പോഴത്തെ സാഹചര്യത്തിൽ എൽഐസിയുടെ ഓഹരികളിൽ നിക്ഷേപിക്കാവുന്ന ഏറ്റവും അനുയോജ്യമായ സമയമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ ഇടിവ് പരിഗണിക്കേണ്ടതില്ലെന്നും ഭാവിയിൽ എൽഐസി ഓഹരികൾ നേട്ടമുണ്ടാക്കുമെന്നുമാണ് ഷെയർ ഇന്ത്യ വൈസ് പ്രസിഡന്റ് രവി സിംഗ് അഭിപ്രായപ്പെടുന്നത്.