മണ്ണഞ്ചേരി: ഒരു ദിവസം പോയിട്ട് ഒരു മണിക്കൂര്‍ മാറി നില്‍ക്കാന്‍ കഴിയാത്തത്ര പ്രശ്‌നബാധിതമായ ഒരു സ്‌റ്റേഷനില്‍നിന്ന് എല്ലാ പോലീസുകാരും ചേര്‍ന്ന് ടൂര്‍ പോയാലോ?. പ്രദേശത്തെ കള്ളന്‍മാരൊഴികെ ആരും അങ്ങനെയൊരു കാര്യം സ്വപ്‌നത്തില്‍ പോലും ചിന്തിക്കില്ല. എന്നാല്‍ അസാധ്യമെന്നു തോന്നുന്ന ഇക്കാര്യം പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷനിലെ ജീവനക്കാര്‍.
എപ്പോഴും വിവിധ പ്രശ്‌നങ്ങളാല്‍ ചുറ്റപ്പെട്ട അന്തരീക്ഷത്തില്‍നിന്ന് വാഗമണിലേക്ക് സ്‌റ്റേഷനിലെ മുഴുവന്‍ ജീവനക്കാരും ചേര്‍ന്ന് വിനോദയാത്ര നടത്തി മണ്ണഞ്ചേരി സ്‌റ്റേഷനിലെ പോലീസുകാര്‍ സൃഷ്ടിച്ചത് പുതിയ ചരിത്രം.
സ്‌റ്റേഷനില്‍ ജോലിചെയ്യുന്ന മുഴുവന്‍ പോലീസുകാരെയും കൊണ്ട് ഒരു ടൂര്‍ പ്രോഗ്രാം എന്ന നടക്കാന്‍ സാധ്യത കുറവുള്ള ആഗ്രഹവുമായി സ്‌റ്റേഷനിലെ പോലീസുകാര്‍ ജില്ലാപോലീസ് മേധാവിയെ സമീപിക്കുകയായിരുന്നു. ആലപ്പുഴ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ ചുരുങ്ങിയ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത സ്‌റ്റേഷനാണ് മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷന്‍.
ഒരു ദിവസം പോയിട്ട് ഒരു മണിക്കൂര്‍ മാറി നില്‍ക്കാന്‍ കഴിയാത്ത പ്രശ്‌നബാധിത സ്‌റ്റേഷനില്‍നിന്ന് ടൂറോയെന്നു പോലീസിലുള്ളവരും ആദ്യം ശങ്കിച്ചു. എന്നാല്‍ ഏവരെയും അമ്പരപ്പിച്ച് ഉന്നത പോലീസ് അധികാരികള്‍ ഇതിന് അനുമതി നല്‍കുകയായിരുന്നു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്‍െ്‌റ ഇടപെടലാണ് കേരളാ പോലീസിന്റെ ചരിത്രത്തില്‍ത്തന്നെ ആദ്യത്തെ സംഭവമായ ഈ വിനോദയാത്രയ്ക്ക് നിര്‍ണായകമായത്.
ഇത്രയും പ്രശ്‌നബാധിതമായ സ്‌റ്റേഷനിലെ സകലമാന പ്രശ്‌നങ്ങള്‍ക്കിടയില്‍നിന്നും അല്‍പ്പം വിശ്രമം ആവശ്യമാണെന്ന സ്‌റ്റേഷനിലെ പോലീസുകാരുടെ ആഗ്രഹത്തിനൊപ്പം നില്‍ക്കാന്‍ ഉന്നത ഉദ്യോഗസ്ഥരും തയാറായി. ഇതോടെയാണ് വാഗമണ്‍ വിനോദയാത്ര സാധ്യമായത്.
സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.കെ. മോഹിത്, പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ. ആര്‍. ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്ര. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ സ്‌റ്റേഷന്റെ മുഴുവന്‍ ചാര്‍ജും മാരാരിക്കുളം പോലീസ് സ്‌റ്റേഷന് നല്‍കിയായിരുന്നു യാത്ര. പോലീസ് ചരിത്രത്തിലാദ്യമാണത്രേ ഇത്തരമൊരു നടപടി.