പത്തനംതിട്ട: ലൈഫ് പദ്ധതിയില്‍ അപേക്ഷിച്ചിട്ടും ഇതുവരെ വീട് കിട്ടിയിട്ടില്ലെന്ന് ആരോപിച്ച് ഏനാദിമംഗലത്ത് പട്ടിക്കൂട്ടില്‍ കയറി വീട്ടമ്മയുടെ പ്രതിഷേധം. 2018 ല്‍ ലൈഫ് പദ്ധതിയില്‍ അപേക്ഷിച്ചിട്ടും ഇതുവരെ വീട് കിട്ടിയിട്ടില്ലെന്നാണ് ആരോപിച്ചാണ് ഏനാതിമംഗലം പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കുഞ്ഞുമോള്‍ എന്ന വയോധിക സമരം ചെയ്യുന്നത്. പരാതിക്ക് പരിഹാരമാകും വരെ സമരം ചെയ്യുമെന്നും കുഞ്ഞുമോള്‍ പറഞ്ഞു.
തീരെ ഗതികെട്ടിട്ടാണ് സമരത്തിനിറങ്ങിയത്, കുടുംബത്തിന് ആരും ആശ്രയമില്ല, മകന്‍ മരിച്ചതിന് ശേഷം മൂന്നര ലക്ഷം രൂപ കടമുണ്ട്. ഹാര്‍ട്ടിന് ബ്ലോക്കാണ്. കരളിനും പ്രശ്നം. ഒത്തിരി കടം കയറി. രണ്ട് പെണ്‍മക്കളുണ്ട്. അഞ്ച് മാസമായി വാടക കൊടുത്തിട്ട്. മരുന്ന് വാങ്ങാന്‍ പോലും പണമില്ലെന്ന് കുഞുമോള്‍ പറയുന്നു.
പഞ്ചായത്ത് അധികൃതരെത്തി ഒരുകൊല്ലത്തിനകം വീടുവച്ചുനല്‍കാമെന്ന് പറഞ്ഞെങ്കിലും അതുവരെ വാടകകൊടുത്തുകഴിയാനുള്ള ഗതി തനിക്കില്ലെന്ന് കുഞ്ഞുമോള്‍ വ്യക്തമാക്കി. 2018 ല്‍ ലൈഫ് പദ്ധതിയില്‍ കുഞ്ഞുമോള്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും അതിന്‍െ്‌റ ക്രമമനുസരിച്ച് പരിഗണിച്ച് വരുന്നതിനാലാണ് കുഞ്ഞുമോളുടെ അപേക്ഷയില്‍ താമസമുണ്ടാകുന്നതെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
എന്നാല്‍ താന്‍ അപേക്ഷനല്‍കിക്കഴിഞ്ഞ് അപേക്ഷിച്ച പലര്‍ക്കും വീടു ലഭിച്ചതായാണ് കുഞ്ഞുമോള്‍ പറയുന്നത്. പോലീസ് ഉള്‍പ്പെടെ സ്ഥലത്ത് എത്തിയെങ്കിലും കുഞ്ഞുമോള്‍ പട്ടിക്കൂട്ടില്‍നിന്ന് ഇറങ്ങാന്‍ തയാറായിട്ടില്ല.